ദില്ലി: ബിസിസിഐയുടെ ഭരണതലപ്പത്ത് രാഷ്ട്രീയക്കാരെയും വ്യവസായികളെയും എത്തിക്കരുതെന്ന് സുപ്രീംകോടതി. ബിസിസിഐ ഭാരവാഹിത്വത്തില്‍നിന്ന് മന്ത്രിമാര്‍ മാറിനില്‍ക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച സുപ്രീംകോടതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചു.
ബിസിസിഐ ഭാരവാഹിത്വത്തില്‍ നിന്ന് മന്ത്രിമാരെ വിലക്കിയ സുപ്രീംകോടതി 70 വയസ്സ് കഴിഞ്ഞവര്‍ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ഭാരവാഹിത്വമുണ്ടാകില്ല. സിഎജിയിലെ അംഗത്തെ ഗവേണിങ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണം എന്നിവയാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍. ബിസിസിഐയുടെ സമഗ്രപരിഷ്‌കരണത്തിനായുള്ള നിര്‍ദേശങ്ങളടങ്ങുന്നതാണ് ലോധ സമിതിയുടെ റിപ്പോര്‍ട്ട്. വാതുവയ്പ് നിയമവിധേയമാക്കുന്ന കാര്യം സര്‍ക്കാരിനും പാര്‍ലമെന്റിനും തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബിസിസിഐയുടെ എല്ലാ ശുപാര്‍ശകളും സുപ്രീംകോടതി തള്ളി.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചതാണ് ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട്. ഇത് നടപ്പാക്കാത്ത ബിസിസിഐയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാത്ത ബിസിസിഐ സുതാര്യമായ പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്നും മുഖം തിരിഞ്ഞു നില്‍ക്കുന്നതായും കോടതി പറഞ്ഞു. ലോധ സമിതി നിര്‍ദേശിച്ച കാര്യങ്ങളില്‍ എന്തൊക്കെ നടപ്പാക്കിയെന്ന് മാര്‍ച്ച് മൂന്നിനകം അറിയിക്കാന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ബിസിസിഐക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
ബിസിസിഐയുടെ സമഗ്രപരിഷ്‌കരണത്തിനായുള്ള നിര്‍ദേശങ്ങളടങ്ങുന്നതാണ് ലോധ സമിതിയുടെ റിപ്പോര്‍ട്ട്. ബിസിസിഐ പൊതുകാര്യ സംഘടനയാണെന്ന് പറഞ്ഞ ലോധ കമ്മിറ്റി ബിസിസിഐയുടെ ഭരണഘടന മാറ്റാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് മുതിരാതിരുന്ന ബിസിസിഐയുടെ നടപടിയില്‍ കോടതി അതൃപ്തി അറിയിച്ചു. ഐപിഎല്‍ അഴിമതിയില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍ രാമന്റെ പങ്ക് അന്വേഷിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ബിസിസിഐയുടെ തലപ്പത്ത് രാഷ്ട്രീയക്കാര്‍ പാടില്ലെന്ന ശുപാര്‍ശയും കമ്മിറ്റി നല്‍കി. നിക്ഷിപ്ത താല്‍പര്യം ഒഴിവാക്കണം, ഐപിഎല്ലിനായി പ്രത്യേക ഭരണസമിതി രൂപീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ബിസിസിഐയില്‍ ഒരു സംസ്ഥാനത്ത് നിന്ന് ഒരു അസോസിയേഷന്‍ മതി. അസോസിയേഷനുകള്‍ക്ക് വോട്ടവകാശം ഉണ്ടാവും. സംസ്ഥാന അസോസിയേഷന്‍ ബോര്‍ഡിന് സിഇഒയും ആറ് അസിസ്റ്റന്റ് പ്രൊഫഷണല്‍ മാനേജര്‍മാരും വേണം. ഓംബുഡ്സ്മാന്‍, എത്തിക്സ് ഓഫീസര്‍, ഇലക്ടറല്‍ ഓഫീസര്‍ എന്നിവരെ നിയമിയ്ക്കണം. ഒരു ഭാരവാഹി പരമാവധി മൂന്ന് തവണ മാത്രമേ ഏതെങ്കിലും സ്ഥാനം വഹിയ്ക്കാവൂ. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഭരണസമിതിയില്‍ അംഗങ്ങളാകരുത്. ഐപിഎല്ലിന്റെ നടത്തിപ്പിനായി ബിസിസിഐ പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളായ 9 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി വേണം.
സമിതിയിലെ അഞ്ച് അംഗങ്ങളും ബിസിസിഐ ഭാരവാഹികളായിരിയ്ക്കണം. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പുനസംഘടിപ്പിയ്ക്കണം. ഗവേണിംഗ് കൗണ്‍സിലില്‍ കളിക്കാര്‍ക്കും പ്രാതിനിധ്യം വേണം. സിഎജിയ്ക്കും കൗണ്‍സിലില്‍ പ്രാതിനിധ്യമുണ്ടാവും. ഐപിഎല്ലിന് നിയന്ത്രിത സ്വയംഭരണാവകാശം മതി. കളിക്കാരുടെ അസോസിയേഷന്‍ ഉണ്ടാക്കണം. പ്ലെയേഴ്സ് അസോസിയേഷന്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള അദ്ധ്യക്ഷനാവണമെന്നും കമ്മിറ്റി നിര്‍ദ്ദേശിയ്ക്കുന്നു. മൊഹിന്ദര്‍ അമര്‍നാഥ്, ഡയാന എഡുള്‍ജി, അനില്‍ കുംബ്ലെ എന്നിവരെയാണ് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ഏജന്റുമാരുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ലോധയെ കൂടാതെ ജസ്റ്റിസ് അശോക് ഭന്‍, ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്നാണ് ക്രിക്കറ്റിന്റെ ഭരണതല കാര്യങ്ങള്‍ വിലയിരുത്താന്‍ സുപ്രിം കോടതി ലോധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഐപിഎല്‍ വിവാദത്തെ തുടര്‍ന്ന് രണ്ട് ടീമുകള്‍ പുറത്താകുകയും ബിസിസിഐ തലവന്‍ എന്‍ ശ്രീനിവാസന്റെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.