കോട്ടയം: ചരിത്ര വിജയത്തിലൂടെ മാണി സി കാപ്പൻ പാലയെ ചുവപ്പിക്കുമ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് മണ്ഡലത്തിലെ പുതിയ കരുനീക്കങ്ങളിലാണ്. പ്രത്യേകിച്ചും ബിജെപിക്ക് കുറവ് വന്ന ഏഴായിരത്തോളം വോട്ടുകളാണ് വിധി നിർണ്ണയിച്ചതെന്ന് പലരും കരുതുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിലെതിനെക്കാൾ എണ്ണായിര്തതോളം വോട്ടിൻ്റെ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.
വോട്ടെണ്ണല്‍ തുടങ്ങി രാമപുരം പഞ്ചായത്തില്‍ മാണി സി കാപ്പന് ലീഡ് ലഭിച്ചപ്പോള്‍ തന്നെ വോട്ട് കച്ചവടമെന്ന ആരോപണം ഉയർന്നിരുന്നു. അവിടെ ബിജെപിക്കു കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിനു ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം കുറ്റപ്പെടുത്തി. തുടര്‍ന്ന് ജോസ് കെ. മാണിയും ഉമ്മന്‍ചാണ്ടിയും അതേ ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാൽ എൻഡിഎ മുന്നണിയെ പ്രധാന കക്ഷിയായ ബിഡിജെഎസിൻ്റെ വോട്ടാണ് പടലയോടെ മാറിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇതിൽ എസ്എൻഡിപിയുടെ പങ്ക് വളരെ വലുതാണ്. തന്റെ വിജയത്തിന് പിന്നിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയുണ്ടെന്ന് മാണി.സി.കാപ്പൻ തുറന്നുസമ്മതിച്ചിട്ടുണ്ട്. ഈഴവ സമുദായത്തിന്റെ വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. പാലായിലെ ട്രെൻഡുകൾ എൽ.ഡി.എഫിന് അനുകൂലമാണെന്നും ജനങ്ങൾക്കിടയിൽ മാണി.സി.കാപ്പനോട് സഹതാപ തരംഗമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
സഖ്യകക്ഷിയായ ബിഡിജെഎസിന്റെ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരിക്കു ലഭിച്ചിട്ടില്ലെന്ന് ഉറപ്പിക്കാവുന്ന ഘട്ടമാണിത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍. ഹരിക്ക് 24,821 വോട്ട് ലഭിച്ചിരുന്നു. അതേ സ്ഥാനാര്‍ഥിയെ തന്നെ ഇക്കുറി കളത്തിലിറക്കിയപ്പോള്‍ 18,044 വോട്ടുകള്‍ മാത്രമാണു നേടാന്‍ കഴിഞ്ഞത്. ശബരിമല വിഷയവും ഭരണത്തിലെ വീഴ്ചകളും ഉള്‍പ്പെടെ പ്രചാരണ വിഷയം ആക്കിയെങ്കിലും വോട്ട് കൂടിയില്ലെന്നു മാത്രമല്ല, ഏഴായിരത്തോളം വോട്ട് കുറയുകയും ചെയ്തു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസിന് 26,533 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി ഇതിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല എന്നുള്ളത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടലിലാക്കിയിരിക്കുകയാണ്. വോട്ട് ചോര്‍ച്ച സംബന്ധിച്ച് പഠിക്കുമെന്നു ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരി പറയുമ്പോഴും വലിയ പൊട്ടിത്തെറിയാണു പാര്‍ട്ടിക്കുള്ളില്‍ പ്രതീക്ഷിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ ബിജെപിക്കുള്ളില്‍ കലഹം രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മണ്ഡലത്തില്‍നിന്നു തന്നെയുള്ളയാളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരുന്നത്. ഇതു സംബന്ധിച്ച് നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും ഹരിയെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൂടാതെ 1085 വോട്ട് പിടിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സിജെ ഫിലിപ്പിനും ജോസ് ടോമിൻ്റെ പരാജയത്തിൽ പങ്കുണ്ട്. മലയരയ ക്രിസ്ത്യൻ വിഭാഗത്തിൻ്റെ വോട്ടാണ് ഫിലിപ്പ് ശേഖരിച്ചത്. സിഎസ്ഐ സ്ഥാനാർത്ഥി എന്നറിയപ്പെട്ട ഫിലിപ്പ് നേടിയ. വോട്ടുകൾ കേരള കോൺഗ്രസിന് ലഭിക്കേണ്ടവയായിരുന്നു. കൂടാതെ പ്രകൃതി സ്നേഹികളുടെ കൂട്ടായ്മ നിർത്തിയ സ്ഥാനാർത്ഥിയും ആയിരത്തിന് പുറത്ത് വോട്ട് പിടിച്ചു.