മുന്‍ ഏരിയാ കമ്മിറ്റി ഭാരവാഹികളടക്കം നാലായിരത്തോളം ഇടത് പ്രവർത്തകർ ബിജെപിയിൽ ചേർന്നു..!! പതിനായിരക്കണക്കിന് ന്യൂനപക്ഷങ്ങളും പാർട്ടിയിൽ

കേരളത്തിലെ സിപിഎം അടക്കമുള്ള ഇടതുപാർട്ടികളിൽനിന്ന് മുൻ ഭാരവാഹികളടക്കം നാലായിരത്തോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നതായി സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. മുന്‍ ഏരിയാ കമ്മിറ്റി ഭാരവാഹികളടക്കമുള്ളവർ ബിജെപിയിലെത്തിയെന്നാണ് ശ്രീധരൻ പിള്ള അവകാശപ്പെടുന്നത്.

സംസ്ഥാനരാഷ്ട്രീയത്തില്‍ കാര്യമായ ചലനമുണ്ടാക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും ദലിത് വിഭാഗങ്ങളില്‍നിന്നും പതിനായിരക്കണക്കിനാളുകളും അംഗത്വമെടുത്തിട്ടുണ്ട്. ഇവരുടെയെല്ലാം പട്ടിക അടുത്തമാസം പുറത്തുവിടുമെന്നും ശ്രീധരന്‍ പിള്ള പറയുന്നു. ആദ്യമായാണ് പതിനായിരക്കണക്കിന് ന്യൂനപക്ഷവിഭാഗക്കാര്‍ പാര്‍ട്ടിയില്‍ ചേരുന്നത്.

ഇതോടെ സംസ്ഥാനത്ത് ബിജെപിയുടെ അംഗസംഖ്യ 26 ലക്ഷമായി. ഏഴുലക്ഷത്തോളം പേര്‍ ഫോണ്‍ കോളിലൂടെയാണ് അംഗങ്ങളായത്. പുതുതായി അംഗങ്ങളായവര്‍ക്ക് അര്‍ഹമായ ചുമതലകളും സ്ഥാനങ്ങളും നല്‍കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാനാധ്യക്ഷനെ ചുമതലപ്പെടുത്തി. നിലവില്‍ ഒരുവര്‍ഷം പൂര്‍ത്തിയായവര്‍ക്കാണ് ഇവ നല്‍കുന്നതെങ്കിലും അതില്‍ ഇളവുവരുത്തി ഉചിതമായ തീരുമാനമെടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതായും പിള്ള പറയുന്നു.

Top