പാലയിൽ ചരിത്രം തിരുത്തപ്പെടും..!! മാണി കോൺഗ്രസിൻ്റെ അപ്രമാദിത്വം അവസാനിക്കും..!! ഇടത് വിജയത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങൾ ഇവ

തൊടുപുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലയിൽ യുഡിഎഫ് നേരിടുന്നത് കടുത്ത അനിശ്ചിതത്വമെന്ന് റിപ്പോർട്ട്. കെ.എം. മാണിയുടെ മരണത്തോടെ കേരള കോൺഗ്രസിൽ ഉണ്ടായ അസ്വാരസ്യങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് പരസ്യമായി പുറത്തുവരികയാണ്. ഇതോടെ ആർക്കും വിട്ടുനൽകാതെ പാലയെ നിയമസഭയിൽ പ്രതിനിധീകരിച്ച കേരള കോൺഗ്രസിന് തിരിച്ചടി നേരിടുമെന്ന സംശയം ബലപ്പെടുന്നു.

ആഭ്യന്തര പ്രശ്നം മൂർച്ഛിച്ച് ഉപതിരഞ്ഞെടുപ്പിൽ രണ്ട് രീതിയിൽ പ്രചരണം നടത്താനുള്ള തീരുമാനമാണ് ജോസഫ് വിഭാഗം കൈക്കൊണ്ടിരുന്നത്. എന്നാൽ സമാന്തര പ്രചാരണം നടത്താനുള്ള തീരുമാനം ജോസഫ് വിഭാഗം നടപ്പിലാക്കില്ല. ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണ് തീരുമാനം. എന്നാൽ പാലായിൽ ഒന്നിച്ചുള്ള പ്രചാരണത്തിന് മതിയാ അന്തരീക്ഷമില്ലെന്നു പി.ജെ.ജോസഫ് പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കണ്‍വന്‍ഷനിടെ പ്രകോപനപരമായ പെരുമാറ്റം ജോസ് വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഉണ്ടായതോടെ വീണ്ടും കടുപ്പിച്ച് പി.ജെ.ജോസഫ്. തല്‍ക്കാലം ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം പാര്‍ട്ടിക്കുള്ളില്‍ ഇല്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. എന്നാല്‍ അനുകൂലമായ സാഹചര്യം ഉണ്ടായാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ജോസഫ് ജോസ് കെ മാണി പോര് അണികൾക്കിടയിൽ വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്. മണ്ഡലത്തിൽ കഴിഞ്ഞ തവണ മാണി നേടിയ 4000 വോട്ടിൻ്റെ ഭൂരിപക്ഷം നിലനിർത്തുന്നത് തന്നെ ശ്രമകരമായ ജോലിയായി മാറിയിരിക്കുകയാണ്. ഇതിനിടെ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളെ പാലയിൽ ശക്തമായ വോട്ട്മറിയലിന് കാരണമാകുമെന്നും മുന്നണികൾ കരുതുന്നു.

കെ.എം. മാണി നേടിയെടുത്ത വിശ്വാസം ആർജ്ജിക്കാൻ ഇതുവരെ കേരളകോൺഗ്രസിൻ്റെ പുതിയ നേതത്വത്തിന് കഴിഞ്ഞിട്ടില്ല. മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ജനം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയണമെന്നാണ് നേതാക്കളുടെ പോലും അഭിപ്രായം. മാണി പാരമ്പര്യ്തതിൽ നിന്നും മാറി പുതിയ സ്ഥാനാർത്ഥിയായ ജോസ് ടോമിന് എത്രകണ്ട് ജനസ്വാധീനം ആർജ്ജിക്കാനാകുമെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാത്തതും വലിയ തിരിച്ചടിയാണ്. ജോസ് ടോമിനെക്കാൾ ജനസ്വാധീനം എൽഡിഎഫ് സ്ഥാനാർത്ഥിയായ മാണി സി കാപ്പനാണെന്നതും പ്രാധാന്യമുള്ള കാര്യമാണ്. ജോസഫ് ഇടഞ്ഞുനിൽക്കുന്നതടക്കം മണ്ഡലത്തിലെ മൊത്തം ഘടകങ്ങളും കേരള കോൺഗ്രസിന് എതിരായി വരുമ്പോൾ അത് എൽ.ഡി.എഫിൻ്റെ ചരിത്ര വിജയത്തിലേയ്ക്ക് നയിക്കുമെന്നാണ് ഇടത് ക്യാമ്പ് കരുതുന്നത്.

Top