പി സി ജോര്‍ജ്ജിനെയും കേരളാ കോണ്‍ഗ്രസ് ബിയെയും മുന്നണി പ്രവേശനം ഇപ്പോള്‍ ചര്‍ച്ചെയ്യേണ്ട കാര്യമില്ല; ജനതാദള്‍(യു) വിന് എല്‍ഡിഎഫിലേക്ക് മടങ്ങിവരാം – വൈക്കം വിശ്വന്‍

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പി സി ജോര്‍ജ്ജിനെയും കേരളാ കോണ്‍ഗ്രസ് ബിയെയും മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചെയ്യേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാറിന് എല്‍.ഡി.എഫിലേക്ക് മടങ്ങിവരാമെന്ന് അദേഹം പറഞ്ഞു. മുന്നണി വിട്ടുപോയവരെക്കുറിച്ച് ഇടതുപക്ഷത്തിനു കാഴ്ചപ്പാടുണ്ടെന്നും ഇവര്‍ തിരിച്ചു വരുന്നതിനെ എതിര്‍ക്കില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.

  കേരള കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാണി എല്‍.ഡി.എഫില്‍ ചേരാന്‍ തീരുമാനിച്ചെന്ന പി.സി. ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഇടതു മുന്നണിയിലേക്ക് മാണിയെ വേണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. മാണിക്കെതിരെ നിയമസഭക്കുള്ളിലും പുറത്തും പ്രക്ഷോഭം തുടരും. സമരത്തിന്റെ അന്തിമരൂപം തിങ്കളാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗം തീരുമാനിക്കുമെന്നും വിശ്വന്‍ അറിയിച്ചു.

Top