കാത്തിരിപ്പിനൊടുവില്‍ ഉമ്മയ്ക്കരികിലേക്ക്; ലോകമലയാളികള്‍ ഒത്തുപിടിച്ച 34 കോടി; പ്രാര്‍ഥനകള്‍ സഫലം; രണ്ട് പതിറ്റാണ്ടിന്റെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം ജന്മനാട്ടില്‍

കോഴിക്കോട്: സൗദി അറേബ്യയില്‍ രണ്ട് പതിറ്റാണ്ടുകാലം നീണ്ട ജയില്‍വാസത്തിന് ശേഷം കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മോചിതനായി ജന്മനാട്ടില്‍ തിരിച്ചെത്തി. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ 7.35-ഓടെയാണ് അദ്ദേഹം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട വിരഹത്തിന് വിരാമമിട്ട് ജന്മനാടിന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ റഹീം വികാരാധീനനായി. തന്റെ മോചനത്തിനായി പ്രാര്‍ഥിക്കുകയും സാമ്പത്തികമായും അല്ലാതെയും സഹായിക്കുകയും ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ നല്ലവരായ മനുഷ്യര്‍ക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

റിയാദിലെ ജയില്‍ അധികൃതര്‍ തന്നെയാണ് റഹീമിനെ നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഈ മടക്കയാത്ര. റഹീമിന്റെ നിയമപോരാട്ടങ്ങളില്‍ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും ഈ യാത്രയില്‍ റഹീമിനെ അനുഗമിച്ചിരുന്നു. റഹീമിന്റെ തിരിച്ചുവരവ് ഏറ്റവും കൂടുതല്‍ കാത്തിരുന്നത് കോടമ്പുഴയിലെ അദ്ദേഹത്തിന്റെ വയസ്സായ ഉമ്മ ഫാത്തിമയാണ്. കണ്‍മുന്നില്‍നിന്ന് മറഞ്ഞുപോയ മകനെ മരിക്കുന്നതിന് മുന്‍പ് ഒന്നു നേരില്‍ കാണണമെന്ന ഒരൊറ്റ പ്രാര്‍ഥന മാത്രമാണ് കഴിഞ്ഞ 20 വര്‍ഷമായി ആ ഉമ്മയ്ക്കുണ്ടായിരുന്നത്. റഹീം വിമാനമിറങ്ങിയ വാര്‍ത്തയറിഞ്ഞതോടെ കോടമ്പുഴയിലെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ വലിയൊരു ജനസഞ്ചയമാണ് ഇപ്പോള്‍ തടിച്ചുകൂടിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2006 നവംബര്‍ 28-നായിരുന്നു തന്റെ 26-ാം വയസ്സില്‍ ഒരു സാധാരണ ഹൗസ് ഡ്രൈവര്‍ വിസയില്‍ അബ്ദുല്‍ റഹീം റിയാദില്‍ വിമാനമിറങ്ങുന്നത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മാറ്റാന്‍ ജീവിക്കാന്‍ വേണ്ടി ഗള്‍ഫിലേക്ക് വണ്ടികയറിയ ആ യുവാവിന്റെ ജീവിതത്തെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ വലിയൊരു ദുരന്തമായിരുന്നു. സൗദിയില്‍ എത്തി കൃത്യം ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഒരു കൊലപാതകക്കേസില്‍ പ്രതിയായി ജയിലില്‍ അടയ്ക്കപ്പെടുകയായിരുന്നു.

സൗദി സ്വദേശിയായ ഫായിസ് അബ്ദുള്ള അബ്ദുര്‍ റഹ്‌മാന്‍ അല്‍ ഷഹ്രിയുടെ ഭിന്നശേഷിക്കാരനായ 15 വയസ്സുള്ള മകന്‍ അനസ് അല്‍ ഫായിസിനെ പരിചരിക്കലായിരുന്നു റഹീമിന്റെ പ്രധാന ജോലി. ചലനശേഷിയില്ലാത്ത ഈ കുട്ടിയെ കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ ഉണ്ടായ ഒരു നിര്‍ഭാഗ്യകരമായ കൈപ്പിഴയാണ് റഹീമിന്റെ ജീവിതം ഇരുട്ടിലാക്കിയത്. കാറിലെ യാത്രയ്ക്കിടയില്‍ കുട്ടിക്ക് കൃത്രിമമായി ശ്വാസം നല്‍കുന്നതിനായി ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണത്തിന്റെ ട്യൂബില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ തട്ടുകയും അത് അഴിഞ്ഞുപോവുകയുമായിരുന്നു.

 

Top