അഹമ്മദാബാദ്: ബീഫിന്റെ പേരില്‍ ദളിതരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. ഗോവധം ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുജറാത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഏഴ് ദളിത് യുവാക്കള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.
കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്കോട്ടില്‍ രണ്ടു ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അഗ്നിക്കിരയാക്കുകയും ജാംനഗറില്‍ ഒരു ബസ് ആക്രമിക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ കഴിഞ്ഞദിവസം രാജ്കോട്ടിനെയും പോര്‍ബന്ദറിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുമെന്റ് അന്വേഷിക്കുമെന്നും ആക്രമണത്തിന് ഇരയായവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.
പശുത്തോല്‍ കടത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞയാഴ്ച്ച കാറിനോട് ചേര്‍ത്തു കെട്ടി യുവാക്കളെ മര്‍ദ്ദനത്തിനിരയാക്കിയത്. അഹമ്മദാബാദിനു സമീപം ഗിര്‍ സോംനാഥിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് ആക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് ഗോവധം നടത്തിയതെന്നും പശുത്തോല്‍ ലഭിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ വീഡിയോയിലുണ്ട്. എന്നാല്‍ തങ്ങള്‍ ഗോവധം നടത്തിയില്ലെന്നും നിയമപരമായാണ് പശുത്തോല്‍ കടത്തുന്നതെന്ന മറുപടി ഇവര്‍ നല്‍കുന്നുണ്ടെങ്കിലും ഇവരെ നഗ്നരാക്കി കാറിനോട് ചേര്‍ത്തുകെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.