ബീജിംഗ്: ഒരു ഗ്ലാസിന് 100മാര്‍ക്ക്, പകുതി കുടിച്ചാല്‍ 90 മാര്‍ക്ക്..അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞതാണിത്. ഗിഷൗ പ്രവിശ്യയിലെ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അധ്യാപകന്‍ കുട്ടികളോട് ഇങ്ങനെ പെരുമാറിയത്. നല്ല പാഠം പറഞ്ഞു കൊടുക്കേണ്ട അധ്യാപകന്‍ മദ്യപിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞു കൊടുത്തത്.
വിദ്യാര്‍ത്ഥികളുടെ വെള്ളമ്മടി കപ്പാസിറ്റി അളന്ന അധ്യാപകന്റെ പണി അതോടെ പോയി. ചൈനീസ് മെഡിസിന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് കോഴ്സില്‍ അധ്യാപകനായ ജൂ മിംഗിനാണ് പണി കിട്ടിയത്.
ഒരു ക്ലാസ് മദ്യം കുടിച്ചു തീര്‍ക്കുന്നവര്‍ക്ക് 100 മാര്‍ക്ക് കിട്ടുമെന്നായിരുന്നു അധ്യാപകന്റെ വാഗ്ദാനം. പകുതി മദ്യം കുടിക്കുന്നവര്‍ക്ക് 90 മാര്‍ക്കും ഒരു സിപ്പ് മാത്രം എടുക്കാന്‍ കപ്പാസിറ്റിയുള്ളവര്‍ക്ക് 60 മാര്‍ക്കും ലഭിക്കും. ഒരു സിപ്പ് പോലും മദ്യം കുടിക്കാത്തവര്‍ പരീക്ഷയില്‍ പരാജയപ്പെടും. അധ്യാപകന്റെ പരീക്ഷയ്ക്ക് ശേഷം മദ്യപിച്ച് ലക്കുകെട്ട നിരവധി വിദ്യാര്‍ത്ഥികളെയാണ് ക്യാംപസില്‍ കണ്ടത്.
സംഭവം തമാശയാണെന്ന് നിസാരവല്‍ക്കരിച്ച് നടപടി ലഘൂകരിക്കാന്‍ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രമിച്ചെങ്കിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം അധ്യാപകനെ പിന്തുണയ്ക്കുന്നവരും കുറവല്ല.