ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കര്‍ണാടക ആര്‍.ടി.സി.യുടെ മൂന്നു ബസുകള്‍ പാലക്കാട്ടേക്ക് സര്‍വീസ് നടത്തിയതൊഴിച്ചാല്‍ തെക്കല്‍ ജില്ലകളിലേക്കും വടക്കന്‍ജില്ലകളിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. കേരള ആര്‍.ടി.സി. മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല.
വ്യാഴാഴ്ച രാത്രി കര്‍ണാടക ആര്‍ ടി സി യുടെ മൂന്നു ബസുകള്‍ മാത്രം പാലക്കാട്ടേക്ക് സര്‍വീസ് നടത്തിയിരുന്നു. തെക്കന്‍ ജില്ലകളിലേക്കുള്ള പതിനഞ്ചോളം കര്‍ണാടക ആര്‍ ടി സി ബസുകള്‍ കഴിഞ്ഞദിവസം പാലക്കാട്ട് ഓട്ടം അവസാനിപ്പിച്ചിരുന്നു. കുതിരാന്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചാല്‍ ഇവ വീണ്ടും സര്‍വീസ് തുടങ്ങും. ബസുകളില്‍ ടിക്കറ്റ് ബുക്കുചെയ്തവര്‍ക്ക് പണം റീഫണ്ട് ചെയ്യുമെന്ന് കേരള, കര്‍ണാടക ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ബസുകളില്‍ സീറ്റ് ബുക്കുചെയ്യാനുള്ള സൗകര്യം ഇപ്പോഴും തുടരുന്നുണ്ട്.
ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി തടസ്സപ്പെട്ടു. യശ്വന്ത്പുര്‍- കണ്ണൂര്‍ എക്‌സ്പ്രസ് മാത്രമാണ് മലബാര്‍ മേഖലയിലെത്താനുള്ള ഒരേയൊരു മാര്‍ഗം. കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്കുള്ള തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഈ തീവണ്ടികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.