ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയിലും ആഞ്ഞ് വീശി മോദി തരംഗം. ആംആദ്മി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും ബഹുദൂരം പിന്നിലാക്കി ബിജെപിയുടെ മുന്നേറ്റം . ഉത്തര്‍പ്രദേശിലെ തൂത്തുവാരലിന് പിന്നാലെ ബിജെപി ഡല്‍ഹിയിലും ചുവടുറപ്പിച്ചു. അഭിപ്രായ സര്‍വെ ഫലങ്ങളെ ശരിവെച്ചുകൊണ്ട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍(എം.സി.ഡി) ബിജെപി വീണ്ടും അധികാരത്തിലേക്ക്. തെക്ക്, വടക്ക്, കിഴക്കന്‍ എന്നീ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ബിജെപി മികച്ച വിജയം നേടി. ആംആദ്മി പാര്‍ട്ടിക്കാണ് ഏറ്റവും വലിയ തിരിച്ചടി. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തിരിച്ചു വരവിന്റെ സൂചനകളും കാട്ടി.
ഇതാദ്യമായാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ മത്സരിക്കുന്നത്. രണ്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കെജ് രിവാള്‍ സര്‍ക്കാരിന് ഈ ഫലം വലിയ തിരിച്ചടിയാണ്. ബിജെപി ഭരണത്തിലിരിക്കുന്ന കോര്‍പറേഷനുകള്‍ ആണെങ്കില്‍ കൂടിയും മികച്ച പോരാട്ടം പോലും ആപ്പിന് നടത്താന്‍ കഴിഞ്ഞില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബാക്കി പത്രം. തെക്ക്, വടക്ക് എംസിഡികളില്‍ 104 വീതവും കിഴക്കന്‍ ഡല്‍ഹി എം.സിഡിയില്‍ 64 വാര്‍ഡുകളുമാണുള്ളത്. 10 വര്‍ഷമായി ഡല്‍ഹിയിലെ മൂന്നു എം.സി.ഡികളും ഭരിക്കുന്നത് ബിജെപിയാണ്. ഭരണ വിരുദ്ധവികാരം ആഞ്ഞെടിക്കുമെന്നും എല്ലായിടത്തും ജയിക്കാമെന്നുമായിരുന്നു ആംആദ്മിയുടെ പ്രതീക്ഷ. ഇതാണ് തെറ്റിയതും.ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ടുചെയ്തു. കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു തിരഞ്ഞെടുപ്പിന്റെ പ്രധാന ചര്‍ച്ചാവിഷയം. അതിനിടെ തോല്‍വിക്ക് കാരണം വോട്ടിങ് മിഷിനിലെ കൃത്രിമം കാട്ടലെന്ന ആരോപണവുമായി ആംആദ്മി രംഗത്ത് വന്നിട്ടുണ്ട്.
അതിനിടെ ആംആദ്മി നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് പഞ്ചാബില്‍ നിന്നുള്ള എംപി ഭഗവന്ത് മാന്‍ രംഗത്ത് എത്തി. ഒരു പ്രാദേശിക ക്രിക്കറ്റ് ടീമിനെ പോലെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശക്തമായ സാന്നിദ്ധ്യം കൂടിയായ അദ്ദേഹം പറഞ്ഞു. ആംആദ്മി പഞ്ചാബില്‍ ചരിത്രപരമായ മണ്ടത്തരമാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ സംബന്ധിച്ചിച്ച് ഇതുവരെ പ്രത്യക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതില്‍ പാര്‍ട്ടിക്ക് അബദ്ധം പറ്റി. എഎപിക്ക് അധികാരത്തിലേറാന്‍ സാധിക്കാത്തെ പോയതിന്റെ കാരണങ്ങളാണ് ആദ്യം കണ്ടെത്തേണ്ടതെന്നും സഗ്രുര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി പറഞ്ഞു.പാര്‍ട്ടി ഹൈക്കമാന്റിലെ ചില നേതാക്കളുടെ അമിതാത്മവിശ്വാസമാണ് പഞ്ചാബിലെ തിരിച്ചടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ തോല്‍വിക്ക് പാര്‍ട്ടി ഹൈക്കമാന്റ് എങ്ങനെ കാരണമായി എന്ന് അരവിന്ദ് കേജ് രിവാളിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.