സൗന്ദര്യമില്ലാത്ത കാരണത്താല്‍ ഭര്‍ത്താവിന്റെ നാവ് കടിച്ചെടുത്തു; സംഭവം ചുംബനത്തിനിടെ; യുവാവിന് സംസാരശേഷി നഷ്ടമായി

ന്യൂഡല്‍ഹി: പങ്കാളിക്ക് സൗന്ദര്യം കുറവായതിനാല്‍ ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവ് കടിച്ചു മുറിച്ചു. ഭാര്യയുടെ കടിയേറ്റ് നാവ് മുറിഞ്ഞ യുവാവിന്‍രെ സംസാര ശേഷിനഷ്ടമായി. ഡല്‍ഹി സ്വദേശി കരണ്‍ സിങ്ങിനെയാണ് ചുംബനത്തിനിടെ ഭാര്യ ആക്രമിച്ചത്.

ഇരുപത്തിരണ്ടുകാരനായ യുവാവിന്റെ നാവിന്റെ പകുതിയോളം കടിയേറ്റ് മുറിഞ്ഞുപോയി. ഭര്‍ത്താവിന് സൗന്ദര്യം കുറവാണെന്ന കാര്യത്തില്‍ കരണ്‍ സിങ്ങിന്റെ ഭാര്യ കാജലിന് അസന്തുഷ്ടിയുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ഇരുവരും കലഹിക്കുന്നത് പതിവായിരുന്നു ശനിയാഴ്ച രാത്രി വഴക്കുണ്ടായ ശേഷം അത് പരിഹരിച്ച് ഉറങ്ങാന്‍ പോയതായിരുന്നു രണ്ടുപേരും.

അര്‍ധരാത്രിയോടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ കണ്ടത് വായില്‍ നിന്ന് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കരണിനെയാണ്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സഫ്ദര്‍ജങ്ക് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളുടെ സംസാരശേഷി തിരികെ കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എട്ടുമാസം ഗര്‍ഭിണിയായ കാജലിനെതിരെ പോലീസ് ക്രിമിനല്‍ നിയമം 326 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന വകുപ്പാണിത്. ഇരുപത്തിരണ്ടുകാരിയായ കാജലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2016 ലാണ് കരണും കാജലും വിവാഹിതരായത്. കരണ്‍ തെരുവു കലാകാരനാണ്.

Top