കൊച്ചി:നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറി. ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് അഡ്വ പി വി മിനി മുഖേന നടി ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്ന് ജഡ്ജി അറിയിക്കുകയായിരുന്നു.
ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ഇന്ന് ഇതേ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തു. ഓപൺ കോടതിയിൽ നടിയുടെ അഭിഭാഷക ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു.വിചാരണ കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹർജി പരിഗണിക്കാൻ ആകില്ലെന്നാണ് അതിജീവിതയുടെ നിലപാട്.തുടർന്നാണ് പിൻമാറുന്നതായി ജഡ്ജി അറിയിച്ചത്.
സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ആണ് അതിജീവിത നടത്തിയത് .നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അതിജീവിത ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം.
സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്.
കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു.
അതേസമയം സിപിഎം അതിജീവിതയെ അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.അതിജീവിത സർക്കാരിന് എതിരെ ഗൂഢാലോചന നടത്തി എന്ന് പ്രചരിപ്പിക്കുന്നു.അന്വേഷണത്തെ വഴിതിരിച്ചു വിട്ട് പോലീസിന്റെ ഫ്യുസ് ഊരിയത് ആരാണ്?അതിജീവിത കോടതിയിൽ പോയതിൽ ഒരു തെറ്റുമില്ല.ഇടത് നേതാക്കൾ അതിജീവിതയെ വീണ്ടും വീണ്ടും അപമാനിക്കുന്നു.പാതി വെന്ത റിപ്പോർട്ട് കോടതിയിൽ കൊടുക്കുന്നതിനു പിന്നിൽ ആരാണ്? അന്വേഷണം സർക്കാർ ദുർബലപ്പെടുത്തിയില്ലേ?പ്രതിപക്ഷം ഒരു പ്രതിയെയും പിന്തുണയ്ക്കുന്നില്ലെന്നും സതീശന്‍ കൊച്ചിയില്‍ പറഞ്ഞു