എല്ലാവരും ചേര്‍ന്ന് അസ്വസ്ഥനാക്കി; ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് ശ്രീശാന്ത്

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കി മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിഗ് ബോസ് പ്രസ് കോണ്‍ഫറന്‍സ് ടാസ്‌കില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് ശ്രീശാന്തിനെ ബിഗ് ബോസ് വിടാന്‍ പ്രേരിപ്പിച്ചത്. ഷോ തുടങ്ങി രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്. കൂട്ടത്തിലെ ഏക മലയാളി എന്ന നിലയില്‍ കേരളത്തിലുള്ളവരും ഏറെ പ്രതീക്ഷയോടെയാണ് ശ്രീശാന്തിന്റെ ബിഗ്‌ബോസ് എന്‍ട്രിയെ നോക്കി കണ്ടിരുന്നത്. പ്രസ് കോണ്‍ഫറന്‍സ് ടാസ്‌കില്‍ ശ്രീശാന്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബിഗ് ബോസ് ടാസ്‌ക് റദ്ദാക്കി.

അതിനെ ചൊല്ലി ഹൗസിലുണ്ടായ ചില സംസാരങ്ങളാണ് ശ്രീശാന്തിനെ കോപാകുലനാക്കിയത്. ടാസ്‌കില്‍ ഒട്ടും താല്‍പര്യമില്ലാതെ പെരുമാറിയ ശ്രീശാന്തിനെ മറ്റു മത്സരാര്‍ഥികള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തനിക്ക് ടാസ്‌ക്കില്‍ താല്‍പര്യമില്ലെന്ന് ശ്രീശാന്ത് തുറന്നടിച്ചു. ടാസ്‌ക്ക് ചെയ്യാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബിഗ് ബോസ് താക്കീത് നല്‍കിയിട്ടും ശ്രീശാന്ത് കൂട്ടാക്കിയില്ല. തുടര്‍ന്ന് ടാസ്‌ക്ക് റദ്ദാക്കുകയായിരുന്നു. ആദ്യ ടാസ്‌ക്ക് തന്നെ ശ്രീശാന്ത് കാരണം പരാജയപ്പെട്ടതിന്റെ നിരാശയും ദേഷ്യവും മറ്റു മത്സരാര്‍ഥികള്‍ പ്രകടിപ്പിച്ചു.

സാബ, സോമി ഖാന്‍ സഹോദരിമാര്‍ ഈ വിഷയത്തെ കുറിച്ച് ശ്രീശാന്തുമായി തര്‍ക്കിച്ചു. ദീപിക കകാറും കരണ്‍വീര്‍ ബോറയും ടാസ്‌ക് എത്രമാത്രം പ്രാധാന്യമേറിയതായിരുന്നെന്ന് ശ്രീശാന്തിനെ പറഞ്ഞു മനസ്സിലാക്കാനും ശ്രമിച്ചു. എന്നാല്‍ ശ്രീശാന്ത് വഴങ്ങിയില്ല. എല്ലാവരും ചേര്‍ന്ന് തന്നെ അസ്വസ്ഥനാക്കുകയാണെന്നും കുറച്ചുദിവസങ്ങള്‍ കൊണ്ട് ആളുകളെ ജഡ്ജ് ചെയ്യാന്‍ കഴിയില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഇതുപോലുള്ള ടാസ്‌ക്കുകളാണ് ഗെയിമിന്റെ ഭാഗമായി വരുന്നതെങ്കില്‍ തനിക്ക് തുടരാന്‍ താല്‍പര്യമില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു. ബിഗ് ബോസിന്റെ നിയമാവലി അത് അനുവദിക്കില്ലെങ്കില്‍ താന്‍ ഷോ വിട്ടു പോകുമെന്ന് ശ്രീശാന്ത് ഭീഷണിപ്പെടുത്തി.

Top