ആകാംഷ ഉണര്‍ത്തി ബിഗ് ബോസ് പരിപാടി ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ചു. മലയാളത്തില്‍ ആദ്യമായാണ് പരിപാടി എത്തുന്നതെങ്കിലും ഹിന്ദിയിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഇതിനോടകം തന്നെ കൈയ്യടി നേടിയ പരിപാടിയാണ് ബിഗ്ബോസ്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷയും വാനോളമാണ്. കാണികള്‍ക്ക് ആവേശമുണര്‍ത്താന്‍ ബിഗ് ബോസ് അവതാരകനായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണെന്നതും പരിപാടിയുടെ ജനപ്രീതി കൂട്ടുന്നുണ്ട്.
16 പേരാണ് പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നത്. പക്ഷേ വെറുമൊരു റിയാലിറ്റി ഷോ ആയി ബിഗ്ബോസിനെ കാണാന്‍ വരട്ട. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിങ്ങുള്ള പരിപാടി നടത്തുന്നത് 44 കോടി രൂപാ ചെലവിലാണത്രേ. പരിപാടിയുടെ മറ്റ് വിശേഷങ്ങള്‍ ഇങ്ങനെ… ബ്രീട്ടിഷ് ഷോ ആയ സെലിബ്രിറ്റി ‘ബിഗ് ബ്രെദര്‍’ എന്ന പ്രോഗ്രാമിലൂടെയാണ് ബിഗ് ബോസിന്‍റെ വരവ്. ഇന്ത്യയില്‍ ആദ്യമായി ഹിന്ദിയിലായിരുന്നു പരിപാടി തുടങ്ങിയത്. ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിവരാണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.
പിന്നീട് പ്രേക്ഷക പ്രീതി ഉയര്‍ന്നതോടെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും പരിപാടി തുടങ്ങി. തമിഴില്‍ കമല്‍ ഹാസന്‍, കന്നഡയില്‍ കിച്ചാ സുദീപ്, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, മറാത്തിയില്‍ മഹേഷ് മഞ്ചേക്കര്‍, ബംഗാളിയില്‍ മിഥുന്‍ ചക്രവര്‍ത്തി, എന്നിവരാണ് അവതാരകര്‍.
ചലചിത്ര സീരിയല്‍ മേഖലയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്തരായ 16 പേരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് പരിപാടി നടത്തുന്നത്. ഈ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറം ലോകവുമായിട്ടുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കും.
അതിനാല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, പത്രം എന്നിവയൊന്നും ഈ ദിവസങ്ങളില്‍ ഇവരിലേക്ക് എത്തുകയില്ല. അതേ സമയം 100 ദിവസം താമസിക്കുന്നതിന് വേണ്ടി എല്ലാവിധ സൗകര്യങ്ങളും ബിഗ് ബോസ് ഹൗസില്‍ ഒരുക്കിയിട്ടുണ്ടാകും. അവരവരുടെ ദൈനംദിന കാര്യങ്ങള്‍ പോലും താരങ്ങള്‍ തന്നെ ചെയ്യണം. മത്സരാര്‍ത്ഥികളെ താമസിപ്പിക്കുന്ന വീട് മുഴുവന്‍ കാമറ നിരീക്ഷണത്തിലായിരിക്കും. മത്സരാര്‍ത്ഥികളുടെ ഓരോ നീക്കവും കാമറയില്‍ പതിയും. ഇത് ഒരു എഡിറ്റിങ്ങ് പോലും കൂടാതെയാണ് പ്രേക്ഷകരില്‍ എത്തുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ബിഗ്ബോസിന്‍റെ കര്‍ശന നിയമാവലി ഉണ്ടാകും.ഇതിന്‍റെ അടിസ്ഥാനത്തിലാണ് മത്സരാര്‍ത്ഥികള്‍ പെരുമാറേണ്ടത്. നിയമം തെറ്റിക്കുന്നവര്‍ക്ക് ബിഗ് ബോസിന്‍റെ ശിക്ഷയും ലഭിക്കും.
രഞ്ജിനി ഹരിദാസ്, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ്മ, അതിഥി റായ്, ശ്രീനീഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി എന്നിങ്ങനെ 16 സെലിബ്രിറ്റികളാണ് പരിപാടിയില്‍ പങ്കെടുക്കുക.
44 കോടി രൂപ ചെലവിലാണ് പരിപാടി നിര്‍മ്മിക്കുന്നത്. ആദ്യം ഷോയുടെ സെറ്റ് കൊച്ചിയിലായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. കൊച്ചിയില്‍ സെറ്റ് നിര്‍മ്മിക്കാനായി മൂന്ന് കോടിയോളം തുക നഷ്ടമായെന്നും റിപ്പോര്‍ട്ടുണ്ട്.
അതോടെ കൊച്ചിയില്‍ നിന്നും ഷോയുടെ സെറ്റ് മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് മാറ്റി. ബിഗ് ബോസായി എത്താന്‍ മോഹന്‍ലാല്‍ കൈപ്പറ്റുന്നത് വന്‍ തുകയാണ്. 12 കോടിയാണത്രേ മോഹന്‍ലാലിന്‍റെ പ്രതിഫലം.
വന്‍ ജനപ്രീതി നേടിയ പരിപാടി ആയതുകൊണ്ട് തന്നെ മലയാളത്തില്‍ പരിപാടിഎത്തുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ഷോയുടെ അവതാരകരാകണമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ആദ്യം അവതാരകനായി മമ്മൂട്ടിയെ ആണ് നിര്‍മ്മാണ കമ്പനി സമീപിച്ചതെങ്കിലും മമ്മൂട്ടി താത്പര്യം പ്രകടിപ്പിച്ചില്ല. പിന്നീടാണ് മോഹന്‍ലാലിനെ അവതാരകനായി തിരഞ്ഞെടുത്തത്.