ഭിന്നലിംഗക്കാരെ അപമാനിച്ച അഞ്ജലി അമീറിനെതിരെ വിമർശനം; ലൈംഗിക തൊഴിൽ ചെയ്തിട്ടില്ലേ എന്ന് നടിയോട് ചോദ്യം…

ബിഗ് ബോസിൽ നിന്ന് കഴിഞ്ഞ ദിവസം നടി ശ്വേത മേനോന്‍ പുറത്താവുകയും പകരം ട്രാന്‍സ്‌ജെന്‍ഡര്‍ ആയ നടി അഞ്ജലി അമീര്‍ വരികയുമുണ്ടായി. പരിപാടിയില്‍ ഭിന്നലിംഗക്കാരെക്കുറിച്ച് അഞ്ജലി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. അഞ്ജലിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്യാമ എസ് പ്രഭ.

നടി ലൈംഗികത്തൊഴിലടക്കം ചെയ്തിട്ട് തന്നെയാണ് ഇന്നത്തെ നിലയിലെത്തിയതെന്നടക്കം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ് താന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നതെന്നാണ് അഞ്ജലി അമീര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ജലി പരിപാടിയില്‍ ഉടനീളം സംസാരിച്ചത് ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ചാണ് എന്നാണ് ആരോപണം. രാവിലെ ബോയ് ആണെന്നും രാത്രികാലങ്ങളിൽ സ്ത്രീയാണെന്ന് പറഞ്ഞ് വേഷം കെട്ടി നടക്കുന്നവരെ ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്ന് അഞ്ജലി പറഞ്ഞു. പണമുണ്ടാക്കാൻ വേഷം കെട്ടുന്നവരുണ്ടെന്നും അഞ്ജലി പറഞ്ഞു. ട്രാൻസ് സമൂഹത്തിന് കേരളത്തിൽ മാന്യമായ തൊഴിലുകൾ ലഭിക്കുന്നുണ്ടെന്നും അഞ്ജലി പറഞ്ഞിരുന്നു.

ഭിന്നലിംഗക്കാർ ലൈംഗിക വൃത്തിയിലേർപ്പെടുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും കാശിനോടുളള അത്യാഗ്രഹമാണ് ഇതിന്റെ കാരണമെന്ന് അഞ്ജലി പറഞ്ഞു. ദിനംപ്രതി 300 രൂപ ലഭിക്കുന്ന ജോലി ഇവർക്ക് ലഭിക്കുന്നുണ്ട്. ഒരാൾക്ക് ഒരു ദിവസം ജീവിക്കാൻ 100 രൂപ മതി. എന്നാൽ ഇവർക്ക് 300 രൂപ ലഭിക്കുന്നിടത്ത് 30000 കിട്ടണമെന്നായിരുന്നു ആഗ്രഹം. അതിനു വേണ്ടിയാണ് ഇത്തരത്തിൽ ഇറങ്ങി പുറപ്പെടുന്നതെന്നും അ‍ഞ്ജലി പറഞ്ഞിരുന്നു. അഞ്ജലിയുടെ ഈ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ശ്യാമ എസ് പ്രഭ.

ഫേസ്ബുക്ക് പോസ്റ്റ്. വായിക്കാം;

കേരളത്തിൽ ഇന്ന് കുറച്ചുപേരെങ്കിലും ചർച്ച ചെയ്യുന്ന ഒരു റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്. കഴിഞ്ഞ ദിവസം കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പ്രതിനിധി എന്ന്‌ സ്വയം അവകാശവാദം ഉന്നയിച്ചു കൊണ്ട് (ഞങ്ങളുടെ പ്രതിനിധിക്ക് ഞങ്ങളുടെ പ്രശ്നങ്ങൾ അവ്യക്തമാണ്, ഒപ്പം ഞങ്ങളോട് യാതൊരു തരത്തിലും സഹകരിക്കാത്ത പ്രതിനിധി ആണ് ) ഒരു മത്സരാർത്ഥി പ്രസ്തുത റിയാലിറ്റിഷോയിൽ എത്തിയിരുന്നു.

മറ്റാരുമല്ല മമ്മുക്കയുടെ നായികയായി ചരിത്രം സൃഷ്‌ടിച്ച നടി അഞ്ജലി അമീർ. അഞ്ജലിയുടെ വരവ് എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷം ഉളവാക്കിയ ഒന്നാണ്, കാരണം അത്തരം ഒരു റിയാലിറ്റി ഷോയിൽ ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു പ്രതിനിധി ഉണ്ടാകുക എന്നത് തീർത്തും ഞങ്ങൾക്ക് ഏവർക്കും സന്തോഷിക്കാൻ വക നൽകുന്ന ഒരു വസ്തുതയാണ്. എന്നാൽ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെ ചോദ്യം ചെയ്തുകൊണ്ടും, ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ടും നടത്തിയ അഞ്ജലിയുടെ പരാമർശം വളരെ വെറുപ്പുളവാക്കുന്നതും അതിലുപരി അരിശം ജനിപ്പിക്കുന്നതുമായിരുന്നു. നമുക്കു മുന്നിൽ നിന്ന ഒരുപാട് പേരുടെ തീവ്രമായ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് കേരളത്തിൽ ട്രാൻസ്ജെൻഡർ സമൂഹം ആസ്വദിക്കുന്ന ദൃശ്യതയും സ്വീകാര്യതയും. അതിനെയൊക്കെ പുച്ഛിക്കുന്ന, കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തെ അപ്പാടെ മോശമായി ചിത്രീകരിക്കുന്ന നിലപാടുകളാണ് അഞ്ജലി സ്വീകരിച്ചിരിക്കുന്നത്. അഞ്ജലി മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്.

1. ഇന്നും, ഇത്തരം ദൃശ്യതയും സ്വീകാര്യതയും സമൂഹത്തിൽ നിലനിൽക്കുമ്പോഴും തന്റെ അസ്തിത്വം തുറന്നു പറയാൻ സാധിക്കാത്ത ഒരുപാട് ട്രാൻസ്ജെൻഡർ വ്യക്തികൾ കേരളത്തിൽ മാനസിക സംഘർഷത്തോടുകൂടി കൂടി ജീവിക്കുന്നുണ്ട്.

അവർക്ക് ലഭിക്കുന്ന സ്വകാര്യമായ ഏതെങ്കിലും അവസരങ്ങളിൽ മാത്രം ആഗ്രഹിക്കുന്ന വസ്ത്രധാരണം നടത്താനും, അത് ആസ്വദിക്കാനും വിധിക്കപ്പെട്ടവർ. ഇന്നും അഭിനയത്തിലൂടെ മാത്രം തങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നവർ. അവരൊക്കെയും ട്രാൻസ്ജെൻഡർ വ്യക്തികളാണ്. അവരാരും ഫെയ്ക്ക് ട്രാൻസ്ജെന്ഡറുകൾ അല്ല. അഞ്ജലിയും ഈ സാഹചര്യത്തിലൂടെയാണല്ലോ കടന്നുവന്നത്? അപ്പോ നീയും ഫേക്ക് ട്രാൻസ്ജെൻഡറിന്റെ ഒരു ഭാഗമായിരുന്നു എന്ന് സ്വയം അടയാളപ്പെടുത്തുന്നു. സന്തോഷം!

2. 100 രൂപ കൊണ്ട് കേരളത്തിൽ ഒരു ദിവസം ജീവിക്കാൻ സാധിക്കും എന്നു പറയുന്ന അഞ്ജലിക്ക് 10 രൂപ പോലും കയ്യിലെടുക്കാൻ ഇല്ലാത്തവൻറെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകില്ല അത് ഒരുപക്ഷേ അനുഭവിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ മനപ്പൂർവം അല്ലെങ്കിലും ആഗ്രഹം കൊണ്ടല്ലെങ്കിലും ലൈംഗിക വൃത്തിയിലേക്ക് പോകേണ്ടി വരുന്ന ഒരു വിഭാഗം ട്രാൻസ്ജെൻഡർ വ്യക്തികൾ കേരളത്തിൽ ഉണ്ട് എന്നുള്ളത് യാഥാർത്ഥ്യം തന്നെയാണ്. ഗതികേട് കൊണ്ടാണ്, അല്ലാതെ നീ പറയുന്ന പണം സമ്പാദിക്കാനുള്ള വ്യഗ്രത കൊണ്ടല്ല.

പിന്നെ നിനക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നല്ലോ സമ്പാദ്യം വളർത്തണമെന്ന് ? അത് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിന് നന്നായി അറിയാം.

3. അഞ്ജലി ലൈംഗിക തൊഴിലിനെ എതിർക്കുന്നു. ഇന്നത്തെ നിൻറെ സാഹചര്യം വെച്ച് സ്വാഭാവികമായും അതിനെ എതിർക്കും. എന്നാൽ ഭൂതകാലത്തെ നിൻറെ ജീവിതത്തെ ഒരിക്കലും വിസ്മരിക്കരുത്. നീ കടന്നുവന്ന വഴികളെ ഒരിക്കലും മറക്കരുത്. മറവിയാണ് ഒരുപക്ഷേ പലരെയും ഉയരങ്ങളിൽ നിന്ന് വൻ വീഴ്ചകളിലേക്ക് തള്ളിവിടുന്നത്. നീ ലൈംഗികത്തൊഴിൽ ചെയ്തിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ നിനക്ക് സാധിക്കില്ല. 100 രൂപയ്ക്ക് വേണ്ടി തെരുവിലും 10000 രൂപയ്ക്ക് വേണ്ടി ഹോട്ടലുകളിലും ലൈംഗിക തൊഴിൽ ചെയ്യുന്നവരെ തുല്യരായി മാത്രമേ കാണാൻ സാധിക്കു.

4. ഞാനൊരു സ്ത്രീയാണ് സ്ത്രീയാണ് എന്ന് വീണ്ടും വീണ്ടും പറയുമ്പോഴും ഇവിടെ ട്രാൻസ്ജെൻഡർ വ്യക്തിത്വ ത്തോടുകൂടി ജീവിക്കാൻ ആഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട് എന്ന് മറന്നു പോകരുത്.

5. കേരളത്തിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറി അവിടെ ലൈംഗിക തൊഴിലും ഭിക്ഷാടനവും നടത്തി ജീവിക്കുന്ന ഒരുപാട് ട്രാൻസ്ജെൻഡർ വ്യക്തികളുണ്ട്. അഞ്ജലിക്കും ഉണ്ടാകുമല്ലോ അത്തരം അനുഭവങ്ങൾ. മംഗലാപുരത്തെ തെരുവോരങ്ങളും അവിടുത്തെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ കൈ കരുത്തും അഞ്ജലി മറന്നിട്ടില്ല എന്ന്‌ കരുതട്ടെ!! ഒരുകാര്യം ബിഗ്ബോസിൽ അഞ്ജലിക്ക് ലഭിച്ചിരിക്കുന്നത് ഒരു സുവർണാവസരമാണ്. അത് അവളായി നിന്ന് തന്നെ പൊരുതുക. സ്വന്തം വ്യക്തിത്വം എന്താണെന്ന് കാണിക്കുക . മറിച്ച് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പ്രതിനിധിയായി ഞങ്ങളെ കരിവാരിത്തേക്കാൻ ശ്രമിക്കേണ്ട. അതിന് ഒരുപക്ഷേ പുറത്തിറങ്ങുമ്പോൾ വലിയ വില കൊടുക്കേണ്ടി വരും. സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ ദിയസന തന്റെ വ്യക്തമായ നിലപാടുകൾ അവിടെ സൂചിപ്പിക്കാൻ ശ്രമിച്ച അവസരത്തിൽ പോലും അഞ്ജലി അവളെ തെറ്റുകാരി ആക്കാനാണ് ശ്രമിച്ചത്. തീർത്തും സ്വാർത്ഥത. താൻ നല്ലവളാണ് എന്ന പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കുകയായിരുന്നു അഞ്ജലി

മാറുന്ന സാഹചര്യത്തിനനുസരിച്ച് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹവും മാറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ തുടർ വിദ്യാഭ്യാസത്തിലൂടെ അവരുടെ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നു. തൊഴിൽ നൈപുണ്യ പദ്ധതികൾ നടപ്പിലാക്കിവരുന്നു. അത്തരത്തിൽ സർക്കാറിൻറെ ഭാഗത്തുനിന്നും നിരവധി ക്ഷേമ പദ്ധതികളാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി നടപ്പിലാക്കിവരുന്നത്. ഇതൊന്നും കാണാതെ സ്വന്തം വ്യക്തിത്വം നന്നാക്കാൻ ശ്രമിച്ച നിന്നോട് പുച്ഛം മാത്രം.

Top