ബിഗ്‌ബോസ് അവസാനഘട്ടത്തിലേക്ക്; അപ്രതീക്ഷമായി ഒരാള്‍കൂടി പുറത്ത്; ഫിനാലെയില്‍ പങ്കെടുക്കാന്‍ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ മുംബൈയിലേക്ക്…

ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. സാധാരണ മോഹന്‍ലാല്‍ പങ്കെടുക്കുന്ന വാരാന്ത്യ എപ്പിസോഡുകളിലാണ് എലിമിനേഷന്‍ നടക്കാറെങ്കില്‍ വ്യാഴാഴ്ച എപ്പിസോഡില്‍ എലിമിനേഷന്‍ നടന്നത് മത്സരാര്‍ഥികളില്‍ ഞെട്ടലുണ്ടാക്കി. എപ്പിസോഡ് അവസാനിക്കുന്നതിന് മുന്‍പാണ് എല്ലാവരും ഗാര്‍ഡന്‍ ഏരിയയിലേക്ക് വരാന്‍ ബിഗ് ബോസിന്റെ നിര്‍ദേശമുണ്ടായത്.

തുടര്‍ന്ന് ഓരോരുത്തരോടും ബാഗ് പാക്ക് ചെയ്ത് വരാന്‍ ആവശ്യപ്പെട്ടു. മറ്റ് മത്സരാര്‍ഥികളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ഓരോരുത്തരായി യാത്ര പറഞ്ഞതിന് ശേഷം നാടകീയമായിട്ടായിരുന്നു ബിഗ് ബോസിന്റെ എലിമിനേഷന്‍ പ്രഖ്യാപനം. ഓരോരുത്തരുടെ പേരെഴുതിയ പ്ലാറ്റ്‌ഫോമിന് മുകളില്‍ കയറി നില്‍ക്കാനായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. ഓരോരുത്തരുടെയും നേര്‍ക്ക് ലൈറ്റ് മിന്നിക്കുമെന്നും പച്ച വെളിച്ചം ദേഹത്ത് വീഴുന്നവര്‍ സുരക്ഷിതരായിരിക്കുമെന്നും ചുവപ്പ് വെളിച്ചം വീഴുന്നവര്‍ പുറത്താകുമെന്നും പറഞ്ഞു.

ഇതുപ്രകാരം ആദ്യം സേഫ്‌സോണില്‍ ആയത് അരിസ്‌റ്റോ സുരേഷ് ആയിരുന്നു. പിന്നാലെ സാബു, ശ്രീനിഷ്, പേളി, ഷിയാസ് എന്നിവരും സേഫ് ആയി. അവശേഷിച്ച അതിഥി റായ് പുറത്താവുകയാണെന്നും പിന്നാലെ ബിഗ് ബോസിന്റെ പ്രഖ്യാപനമെത്തി. ഇനി അഞ്ച് ദിവസം മാത്രമാണ് ബിഗ്‌ബോസ് ഫിനാലെയിലേക്കുള്ളത്. എലിമിനേറ്റ് ആയ മത്സരാര്‍ത്ഥികള്‍ എല്ലാവരും ഫിനാലെയില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് തിരിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Top