ബിഗ് ബോസ് വീട്ടിലെ ഗേറ്റ് തളളി തുറന്ന് അര്‍ച്ചന പുറത്തേക്ക്; ഇന്നലെ അരങ്ങേറിയത് നടകീയ നിമിഷങ്ങള്‍

നൂറാം ദിനമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ബിഗ് ബോസ്. മത്സരം കടുക്കുന്നതിന് മുന്നോടിയായി മറ്റൊരു എലിമിനേഷന്‍ കൂടി അരങ്ങേറിയിരിക്കുകയാണ് ഇപ്പോള്‍. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളുമൊക്കെ ആരംഭിച്ചിട്ട് നാളുകളേറെയായി. അപ്രതീക്ഷിതമായ നീക്കത്തിലൂടെ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിക്കുന്ന ബിഗ് ബോസ് ഇത്തവണയും അതാവര്‍ത്തിച്ചിരിക്കുകയാണ്. ആകാംക്ഷഭരിതമായ മുഹൂര്‍ത്തമായിരുന്നു ബിഗ് ഹൗസില്‍ നടന്നത്. അതാത് ആഴ്ചയിലെ താരങ്ങളുടെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചാണ് ആരാണ് പുറത്തേക്ക് പോവുന്നതെന്ന് തീരുമാനിക്കുന്നത്.

പോയവാരത്തില്‍ കയറില്‍ത്തൂക്കിയ പെട്ടി മുകളിലേക്ക് ഉയരുമ്പോള്‍ അവര്‍ സുരക്ഷിതരാവുന്ന തരത്തിലായിരുന്നു എലിമിനേഷന്‍. ഇത്തവണയാവട്ടെ തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. പെട്ടിയുമെടുത്ത് ഗേറ്റിനരികില്‍ പോയി ഗേറ്റ് നീക്കി തുറക്കാനായി ശ്രമിക്കുകയെന്നതായിരുന്നു ഇത്തവണത്തെ രീതി. ആദ്യം പോയത് സാബുവായിരുന്നു. പരാജിതനായി സന്തോഷത്തോടെ അദ്ദേഹം ബിഗ് ഹൗസിലേക്ക് തിരികെയത്തി. പിന്നാലെ പോയത് പേളിയായിരുന്നു. പേളിക്ക് പിന്നാലെയാണ് അര്‍ച്ചന പോയത്. ബിഗ് ബോസ് മലയാളത്തിലെ ശക്തനായ മത്സരാര്‍ത്തികളിലൊരാളാണ് ഷിയാസ്. മോഡലിങ് രംഗത്തും പരസ്യത്തിലുമൊക്കെയായി സജീവമായ താരം പരിപാടി തുടങ്ങിയതിന് ശേഷമാണ് ബിഗ് ഹൗസിലേക്ക് എത്തിയത്.

കോഴിയും മണ്ടനുമൊക്കെയായാണ് എല്ലാവരും താരത്തെ ചിത്രീകരിക്കുന്നത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ താരത്തെ പലപ്പോഴും മറ്റുള്ളവര്‍ പ്രകോപിതനാക്കാറുമുണ്ട്. ഇത്തവണത്തെ നോമിനേഷനില്‍ ആരെയാണ് നോമിനേറ്റ് ചെയ്തതെന്നും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും മോഹന്‍ലാല്‍ ഓരോരുത്തരോടും ചോദിച്ചിരുന്നു. തന്നെ നോമിനേറ്റ് ചെയ്യാനുള്ള സാബുവിന്റെ കാരണത്തെക്കുറിച്ചറിഞ്ഞതില്‍പ്പിന്നെയാണ് പുറത്തേക്ക് പോവണമെന്ന ആവശ്യത്തില്‍ താരം ഉറച്ചുനിന്നത്. പൊട്ടിക്കരഞ്ഞാണ് ഇതിനായി ആവശ്യപ്പെട്ടതും. മലയാളം അറിയാത്തത് കൊണ്ടാണ് തന്നെ നോമിനേറ്റ് ചെയ്തതെന്ന് സാബു പറഞ്ഞതാണ് ഷിയാസിനെ വിഷമിപ്പിച്ചത്. ശ്രീനി ഫിനാലേയിലേക്ക് എത്തിയതിന് ശേഷം സ്വഭാവത്തില്‍ വല്ല മാറ്റം വന്നോയെന്നും അത്തരത്തിലൊരു ആരോപണം പേളി ഉന്നയിച്ചിരുന്നവല്ലോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു.

അങ്ങനെ പറഞ്ഞുപോയതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പേളി പറഞ്ഞിരുന്നു. ശ്രീനിയുടെ മോതിരം തിരികെ കൊടുക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് മോഹന്‍ലാല്‍ താരത്തോട് ചോദിച്ചിരുന്നു. പെട്ടിയുമെടുത്ത് ഗേറ്റിനരികിലേക്ക് പോവുമ്പോള്‍ പേളിയെ കെട്ടിപ്പിടിച്ചാണ് ശ്രീനി യാത്രയാക്കിയത്. താരം കരയുന്നുമുണ്ടായിരുന്നു. എന്നാല്‍ നീ ഇതുവരെ പരിപാടിയില്‍ കരഞ്ഞിട്ടില്ലെന്നും ശക്തനായി തുടരണമെന്നുമായിരുന്നു പേളി പറഞ്ഞത്. ഗേറ്റ് തള്ളാനായി ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതോടെയാണ് പേളിയും സുരക്ഷിതയാണെന്ന് ബിഗ് ബോസ് അറിയിച്ചത്. മത്സരത്തില്‍ ജയിക്കാനായി താന്‍ ഏത് തരത്തിലുള്ള നമ്പറും പുറത്തിറക്കുമെന്നും ഇവിടയെല്ലാവരേയും അത്തരത്തില്‍ കളിയാക്കാറുണ്ടെന്നും അതുപോലൊന്നായി കണ്ടാല്‍ മതി ഇതെന്നും സാബു ഷിയാസിനോട് പറഞ്ഞുവെങ്കിലും അത് താരം മുഖവിലക്കെടുത്തിരുന്നില്ല.

ഇവിടെ വെച്ച് സംസാരിച്ച് പരിഹരിക്കാവുന്ന വിഷയമാണത്. ഷിയാസിന് പുറത്തേക്ക് പോവാന്‍ സമയമായിട്ടില്ലെന്നും ജനങ്ങള്‍ അത്തരത്തിലൊരു കാര്യം ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടെയാണ് മറ്റുള്ളവര്‍ക്ക് ആശ്വാസമായത്. ഷിയാസിന്റെ വാക്കുകള്‍ കേട്ട് അതിഥിയും കരയുന്നുണ്ടായിരുന്നു. പേളിക്ക് ശേഷമാണ് അര്‍ച്ചന പെട്ടിയുമെടുത്ത് ഗേറ്റിനരികിലേക്ക് പോയത്. പോവുന്നതിന് മുന്‍പായി എല്ലാവരേയും ആലിംഗനം ചെയ്തിരുന്നു. താരത്തിന് മുന്നില്‍ ഗേറ്റ് തുറന്നതോടെയാണ് ഇത്തവണത്തെ എലിമിനേഷനില്‍ പുറത്തേക്ക് പോവുന്നത് അര്‍ച്ചനയാണെന്ന് വ്യക്തമായത്. സന്തോഷവതിയായാണ് താരം മോഹന്‍ലാലിന് മുന്നിലെത്തിയത്. നീണ്ട നാളുകള്‍ക്ക് ശേഷം പുറത്തേക്ക് വരാനായതിന്റെ ത്രില്ലിലായിരുന്നു താരം. രമേഷെന്ന് മോഹന്‍ലാലിനെ വിളിച്ചായിരുന്നു സംഭാഷണം തുടങ്ങിയത്. അര്‍ച്ചനയുടെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയായ ദീപന്‍ താരത്തെ പുറത്താക്കിയ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശക്തരായ മത്സരാര്‍ത്ഥികളിലൊരാളെ പുറത്താക്കിയ നടപടിയില്‍ വിയോജിപ്പുണ്ടെന്ന് താരം പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അര്‍ച്ചനയുടെ ആരാധകരും ഈ തീരുമാനത്തില്‍ അതൃപ്തരാണ്. വരുംനാളുകളില്‍ ബിഗ് ബോസില്‍ എന്തൊക്കെ സംഭവിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

Top