ആദ്യം അതിഥിയെ പുറത്താക്കി ബിഗ് ബോസ് കാണിച്ച ട്വിസ്റ്റ് കണ്ട് ഞെട്ടി മത്സരാര്‍ത്ഥികള്‍

ബിഗ് ബോസിലെ മറ്റൊരു വാരാന്ത്യം കൂടി അവസാനിച്ചിരിക്കുകയാണ്. പതിവ് പോലെ തന്നെ ട്വിസ്റ്റും ടാസ്‌ക്കുകളും പുതിയ കാരണവരുമൊക്കെയായി പരിപാടി സജീവമായിരുന്നു. മോഹന്‍ലാല്‍ എത്തിയതോടെ എല്ലാവരും വിശേഷങ്ങളും അനുഭവങ്ങളുമൊക്കെ ചോദിച്ചിരുന്നു. കഴിഞ്ഞയാഴ്ചയിലെ ക്യാപ്റ്റനായ ശ്രിനിഷിനോട് എങ്ങനെയുണ്ടായിരുന്നു അനുഭവമെന്ന് ചോദിച്ചപ്പോള്‍ താരം പറഞ്ഞ മറുപടികളും ശ്രദ്ധേയമാണ്. പല കാര്യങ്ങളും താരം അറിഞ്ഞിരുന്നില്ല. ഇടയ്ക്ക് വഴക്കുണ്ടായപ്പോള്‍ അത് പോലും അറിഞ്ഞിരുന്നില്ല. ഉറങ്ങിപ്പോയ താന്‍ പിന്നീടാണ് അതേക്കുറിച്ച് അറിഞ്ഞതെന്ന് താരം പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു. ഇത്തവണ എലിമിനേഷനിലൂടെ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരികെ പരിപാടിയിലേക്കെത്തിയ ഹിമ പുറത്തേക്ക് പോയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. പേളി, ഷിയാസ്, സാബു മോന്‍ തുടങ്ങിയവരുമായുള്ള താരത്തിന്റെ വഴക്കാണ് ജനപ്രീതി ഇടിയുന്നതിലേക്ക് നയിച്ചത്.

സാബുവുമായുള്ള വഴക്കില്‍ താരത്തിനെ പരസ്യമായി വിമര്‍ശിച്ച് മോഹന്‍ലാലും എത്തിയിരുന്നു. താന്‍ പറയുന്നത് പോലെ തന്നെ മറുപടി ലഭിക്കണമെന്ന അതിഥിയുടെ നിബന്ധനയെക്കുറിച്ച് തനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ലെന്നായിരുന്നു സാബു പറഞ്ഞത്. താരം സംസാരിക്കുന്ന പല കാര്യങ്ങളും മനസ്സിലാവുന്നില്ലെന്നും മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ക്കൊടുവിലാണ് ആരാണ് പുറത്തേക്ക് പോവുന്നതെന്ന കാര്യത്തിന് തീരുമാനമായത്. തന്റെ വ്യക്തിപരമായ സ്‌പേസില്‍ കയറി സാബു ഒരുപാട് ചൊറിഞ്ഞു.

അതില്‍ തനിക്ക് ദേഷ്യം വന്നപ്പോഴാണ് താന്‍ പ്രതികരിച്ച് തുടങ്ങിയതെന്നും പല കാര്യങ്ങളും കൈയ്യില്‍ നിന്ന് പോയതാണെന്നും താരം പറഞ്ഞു. സാബുവുമായുള്ള വഴക്കിനെക്കുറിച്ച് മോഹന്‍ലാല്‍ ഹിമയോട് ചോദിച്ചിരുന്നു. നേരത്തെ താന്‍ ഒരുപാട് വെറുത്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ ഇടയ്‌ക്കെവിടെയോ വെച്ച് അദ്ദേഹത്തിനോട് ഒരു സോഫ്റ്റ് കോര്‍ണ്ണര്‍ തോന്നിയെന്നും അത് പ്രകടിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും താരം പറഞ്ഞു.

ആഹാരത്തിന് മുന്നില്‍ അനാദരവ് കാണിച്ച സംഭവമാണ് തന്നെ ബുദ്ധിമുട്ടിച്ചത്. അതിനിടയിലാണ് താന്‍ അത് വളര്‍ത്തുദോഷമാണെന്ന് പറഞ്ഞത് എന്നാണ് ഹിമയുമായുണ്ടായ വഴക്കിനെക്കുറിച്ച് സാബു പറഞ്ഞത്്്. എന്നാല്‍ ഇവിടെയുള്ള വ്യക്തികളെ പറയുകയെന്നല്ലാതെ വീട്ടുകാരെ പറയുന്നത് ശരിയല്ലെന്നും ലോകം മൊത്തം നിങ്ങളെ കണ്ടോണ്ടിരിക്കുകയാണെന്ന കാര്യം എപ്പോഴും ഓര്‍മ്മ വേണമെന്നും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചിരുന്നു. സാബുവിനോട് ഇതേക്കുറിച്ച് ചോദിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എലിമിനേഷന്‍ എപ്പിസോഡാണെന്ന പ്രതീതി തുടക്കത്തില്‍ ഇല്ലായിരുന്നു. വൈകിയെത്തിയവരെ മോഹന്‍ലാല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമയം ആര്‍ക്ക് വേണ്ടിയും കാത്തിരിക്കില്ലെന്നും താനെത്തിയിട്ട് കുറേ നേരമായെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ വൈകിയവര്‍ ക്ഷമാപണം ചോദിക്കുകയായിരുന്നു. വിശേഷങ്ങളും പരാതികളുമൊക്കെ കേട്ടതിന് ശേഷമാണ് അദ്ദേഹം പുതിയ ടാസ്‌ക്ക് നല്‍കിയത്. ഇടയ്ക്ക് വെച്ച് തര്‍ക്കമൊക്കെയുണ്ടായെങ്കിലും ക്യാപ്റ്റനായ ശ്രീനിഷായിരുന്നു വിജയിച്ച ടീമിനെ പ്രഖ്യാപിച്ചത്. മത്സരം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ശ്രീനിക്കായിരുന്നു.

ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന ചോദ്യം മത്സരാര്‍ത്ഥികളുടെ ഇടയിലും ഉയര്‍ന്നിരുന്നു. ഷിയാസ്, അര്‍ച്ചന, അതിഥി,ഹിമ എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ റൗണ്ടില്‍ എത്തിയത്. ഇതില്‍ ഷിയാസ് ആദ്യം തന്നെ സെയ്ഫാണ് എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് അര്‍ച്ചനയും പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ ബിഗ്‌ബോസ് ഹൗസില്‍ തുടരാം എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.

പിന്നീട് അവശേഷിച്ചത് അതിഥിയും ഹിമയും ആയിരുന്നു. ഞാനായിരിക്കും പുറത്താകുക എന്ന് ഹിമ പറഞ്ഞ് കൊണ്ടിരുന്നെങ്കിലും, ഇത്തവണ ക്യാപ്റ്റന്‍ സ്ഥാനത്ത് വിജയിച്ചയാളായിട്ടും അതിഥി പെട്ടിയെടുത്ത് പുറത്തേക്ക് വരാം എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിലകാര്യങ്ങള്‍ മോഹിച്ച് നേടിയാലും അത് അനുഭവിക്കാന്‍ ചിലര്‍ക്ക് യോഗം ഉണ്ടാകില്ലെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു.

അതിഥിയാണ് പുറത്തേക്ക് പോവുന്നതെന്നറിഞ്ഞപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു ഹിമ. കരച്ചിലുമായി തന്റെ അടുത്തേക്കെത്തിയ ഹിമയെ താരം അവഗണിക്കുകയായിരുന്നു. സങ്കടം അടക്കാനാവാതെ പൊട്ടിക്കരച്ചില്‍ തുടരുന്നതിനിടയിലാണ് ഹിമയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. അതിഥി പുറത്തേക്ക് പോവുന്നത് സഹിക്കാനാവുന്നില്ലെന്നും പറഞ്ഞ് താരം കരച്ചില്‍ തുടരുകയായിരുന്നു. സാബു മോനോടുള്ള ഇഷ്ടത്തെക്കുറിച്ചും താരം പറയുന്നുണ്ടായിരുന്നു. തന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ് താന്‍ ചെയ്തതെന്നും ഹിമ പറഞ്ഞിരുന്നു.

കരച്ചില്‍ നിര്‍ത്താതെ വന്നതോടെയാണ് ബിഗ് ബോസ് ആ തീരുമാനം അറിയിച്ചത്. അതിഥിയുടെ വിടവാങ്ങലില്‍ കരഞ്ഞ് കലങ്ങിയ ഹിമയെ ബിഗ്‌ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിക്കുകയും ഇവിടുന്ന് തന്നെ പുറത്തേക്ക് പോകണം എന്ന് ആവശ്യപ്പെട്ടു. പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാത്തതിനാലാണ് പുറത്താക്കുന്നത് എന്നാണ് ബിഗ് ബോസ് പറഞ്ഞത്. ഹിമ പോയതിന് പിന്നാലെയായാണ് കണ്ണുകെട്ടിയ അതിഥിയെ കണ്‍ഫെഷന്‍ റൂമിലേക്ക് കൊണ്ടുവന്നത്. താന്‍ എവിടെയാണെന്നറിയാതെ പകച്ച് നില്‍ക്കുകയായിരുന്നു താരം. ഇതിനിടയില്‍ കണ്ണിലെ കെട്ട് മാറ്റിക്കോളാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു. അപ്പോഴാണ് താന്‍ കണ്‍ഫെഷന്‍ റൂമിലാണെന്ന് താരം അറിഞ്ഞത്. താങ്കള്‍ക്ക് അകത്തേക്ക് പോകാമെന്ന് പറഞ്ഞതോടെ ബിഗ് ബോസ് സര്‍പ്രൈസുകള്‍ ഇനിയുമുണ്ടോയെന്നായിരുന്നു അതിഥിയുടെ ചോദ്യം. വീണ്ടും അതിഥി എത്തിയതോടെ എല്ലാവര്‍ക്കും സന്തോഷമാവുകയായിരുന്നു.

എന്നാല്‍ ഇതോന്നും അറിയാതിരുന്ന മറ്റ് മത്സരാര്‍ത്ഥികള്‍ അതിഥി പോയതിനെക്കുറിച്ചും ഹിമയെ വിളിപ്പിച്ചതിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. പേളിയും ശ്രീനിയും ഷിയാസും ചേര്‍ന്ന് ഹിമയെക്കുറിച്ചും അതിഥിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. അതിഥി ഇല്ലാതെ ഇനിയെങ്ങനെ നേരം പോവും എന്നോര്‍ത്തായിരുന്നു താരത്തിന്റെ സങ്കടം. ഇതിനിടയില്‍ ചായക്കപ്പെടുത്ത് അതിഥീ എന്ന് വിളിച്ച് ഷിയാസ് അലറുന്നുണ്ടായിരുന്നു. പേളിയും ഒപ്പം ചേര്‍ന്നിരുന്നു. തിരികയെത്തിയ അതിഥി താന്‍ അത് കേട്ടിരുന്നുവെന്നും തന്നെ എവിടെയൊക്കെയോ കൊണ്ടുപോയെന്നും ഒരുപാട് നടത്തിച്ചുവെന്നും പറഞ്ഞിരുന്നു. ആദ്യ വാരത്തില്‍ തന്നെ പുറത്തുപോകുമെന്ന് കരുതിയ അതിഥി പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുകയാണ്. ക്യാപ്റ്റനായും അതിഥിക്ക് തുടരാം എന്ന് ബിഗ്‌ബോസ് അറിയിക്കുകയുെ ചെയ്തു.

Top