ഞാന്‍ ശരിക്കും ശ്രീനിയെ സ്‌നേഹിക്കുന്നു; പ്രണയം കള്ളത്തരമാണെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി പേളി

ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ് അവസാനിച്ചിരിക്കുകയാണ്. ടെലിവിഷന്‍ അവതാരകന്‍ സാബു മോനായിരുന്നു ഷോയിലെ വിജയി. നടിയും അവതാരകയുമായ പേളി മാണിയായിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്. ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ബിഗ് ബോസിന് ശേഷം ഹൗസിന് പുറത്തെത്തിയ പേളി ആരാധകരുമായി സംവദിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പേളി ദിവസങ്ങള്‍ക്ക് ശേഷം തന്റെ ആരാധകര്‍ക്കു വേണ്ടി മാത്രമായി പ്രത്യക്ഷപ്പെട്ടത്.

തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ പേളി വിജയ കിരീടം ചൂടിയ സാബുവിനെ അഭിനന്ദിച്ചു. താനും ശ്രീനിഷും തമ്മിലുള്ള പ്രണയം നാടകമല്ലായിരുന്നുവെന്ന സൂചനകളാണ് പേളി തരുന്നത്. ബിഗ് ബോസിന് പുറത്തും അകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത് ഇവരുടെ പ്രണയമായിരുന്നു. ഈ പ്രണയം കള്ളത്തരമാണെന്നും ഷോയടക്കം പരിപാടിയില്‍ നടക്കുന്നതെല്ലാം സ്‌ക്രിപ്റ്റഡ് ആണെന്ന വാദവും ഒരു വിഭാഗം പ്രേക്ഷകര്‍ ഉന്നയിച്ചിരുന്നു. സാബു ചേട്ടന്‍ ആ വിജയം അര്‍ഹിക്കുന്നു. അദ്ദേഹം ബുദ്ധിമാനാണ്. ബിഗ് ബോസിലെ ഗൂഗിള്‍ എന്നാണ് ഞാന്‍ സാബു ചേട്ടനെ വിളിക്കാറുള്ളത്.

എനിക്ക് നല്ല സന്തോഷം തോന്നുന്നു. ബിഗ് ബോസ് ഹൗസ് ഞാന്‍ വിചാരിച്ച പോലെ അല്ലായിരുന്നു. എന്റെ ഏറ്റവും വലിയ പേടി, എന്റെ ആരാധകര്‍ എന്നെ വീണ്ടും സ്വീകരിക്കുമോ എന്നായിരുന്നു. കാരണം ഞാന്‍ എന്റെ ദുര്‍ബലമായ ഒരു വശമാണ് അവിടെ കാണിച്ചത്. പക്ഷേ ആ പേടി ഇപ്പോള്‍ മാറി. നിങ്ങള്‍ നല്‍കിയ സ്‌നേഹമാണ് എന്നെ ഇവിടെ എത്തിച്ചത്. ബിഗ് ബോസിലെ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്. അതിനുള്ളില്‍ നടന്നതൊന്നും മനസ്സില്‍ വയ്ക്കില്ല. ഞാന്‍ ഒറ്റയ്ക്കല്ലായിരുന്നു ബിഗ് ബോസില്‍.

നിങ്ങള്‍ എല്ലാവരും എനിക്കൊപ്പം ഉണ്ടായിരുന്നു. അതിന് നന്ദി. ശ്രീനിയുമായി വഴക്കുണ്ടാക്കിയത് ഞാന്‍ ഒരു വഴക്കാളി ആയതുകൊണ്ടാണ്. ഞാന്‍ ശരിക്കും ശ്രീനിയെ സ്‌നേഹിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ കണ്ടിരുന്നു. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി പറയുന്നു പേളി പറഞ്ഞു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യപെടുന്നുവെന്നും ഷോയുടെ അവതാരകനായ മോഹന്‍ലാലിനോട് പേളിയും ശ്രീനിഷും തുറന്നു പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും കടുത്ത പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി.

പേളിഷ് ആര്‍മി എന്ന പേരില്‍ ഫാന്‍സ് അസോസിയേഷനുകളും സജീവമായി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ ഉടലെടുത്ത സൗന്ദര്യ പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായി. പേളി തന്നെ അവഗണിക്കുന്നതായി തോന്നുവെന്നും മനഃപൂര്‍വ്വം ഒഴിവാക്കുകയാണ് എന്നും ശ്രീനിഷ് സഹ മത്സരാര്‍ത്ഥിയായ ഷിയാസിനോട് പരാതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തങ്ങള്‍ക്കിടയിലെ കാര്യങ്ങള്‍ മൂന്നാമതൊരാളെ അറിയിച്ച അമര്‍ഷം രൂക്ഷമായ വഴക്കിലേക്കെത്തി. ഇതിനെത്തുടര്‍ന്ന് പ്രണയത്തിന്റെ ആദ്യ ദിനങ്ങളില്‍ ശ്രീനിഷ് പേളിക്ക് നല്‍കിയ മോതിരം പേളി ഊരി നല്‍കിയതോടെ ഇരുവരും വേര്‍പിരിയുകയുയാണെന്ന വാദം ശക്തമായി.

Top