മുംബൈ: മഹാരാഷ്‌ട്രയിലും കോൺഗ്രസ് ഒന്നുമില്ലാതാകുന്നു . ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടിയത് ഏകനാഥ് ഷിൻഡെ- ബിജെപി സഖ്യമാണ് . ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ബിജെപിയാണ്. 274 സീറ്റുകൾ ബിജെപി നേടിയപ്പോൾ ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം 41 സീറ്റുകൾ നേടി. എൻസിപിക്ക് 62 സീറ്റുകളും കോൺഗ്രസിന് 37 സീറ്റുകളും ഉദ്ധവ് താക്കറെ പക്ഷത്തിന് 12 സീറ്റുകളും മാത്രമാണ് നേടാൻ സാധിച്ചത്.
16 ജില്ലകളിലെ 547 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നാന്ദർബാറിലെ 75 ഗ്രാമപഞ്ചായത്തുകളിൽ 70 ഇടങ്ങളിലും വിജയിച്ച ബിജെപി- ഷിൻഡെ സഖ്യം എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്….
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സാർപഞ്ചുമാരിൽ അൻപത് ശതമാനത്തിലധികവും ബിജെപി- ഷിൻഡെ സഖ്യത്തിൽ നിന്നുള്ളവരാണ്. ഷിൻഡെ- ബിജെപി സഖ്യത്തിന്റെ രാഷ്‌ട്രീയ ധാർമ്മികതയ്‌ക്ക് ഗ്രാമീണ മനസ്സാക്ഷി നൽകിയ അംഗീകാരമാണ് ഈ മഹാവിജയമെന്ന് ബിജെപി മഹാരാഷ്‌ട്ര സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവാങ്കുലെ പറഞ്ഞു. വികസന- ആദർശ രാഷ്‌ട്രീയത്തിൽ വിശ്വാസമർപ്പിച്ചതിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു