
ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അയ്യപ്പ വിഗ്രത്തിന്റെ ദര്‍ശനം നേടാനായില്ല എന്ന് റിപ്പോര്‍ട്ട്. ഇവര്‍ സന്നിധാനത്ത് എത്തിയെങ്കിലും അഡ്വ. ബിന്ദുവിനും കനകദുര്‍ഗയ്ക്കും തിരക്കിനിടയില്‍ അയ്യപ്പ വിഗ്രഹം ദര്‍ശിക്കാനായില്ല! സ്റ്റാഫ് ഗേറ്റുവഴിയാണ് ഇവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
കറുപ്പ് ചുരിദാറണിഞ്ഞ് കറുത്ത ഷാളുകൊണ്ട് മുഖം മറച്ചാണ് ഇവര്‍ എത്തിയത്. മുകളിലെത്തിയ ഇവര്‍ കൊടിമരച്ചുവട്ടിലേക്ക് വളരെവേഗത്തില്‍ നടന്നടുത്തു. പൊലീസുകാര്‍ വഴിമാറിക്കൊടുത്തതോടെ ബലിക്കല്ലിന് സമീപത്തുകൂടി അകത്തേക്ക് പ്രവേശിച്ചു. ഈ സമയം തിടപ്പള്ളിയില്‍ തന്ത്രി കണ്ഠര് രാജീവരരുടെയും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ഗണപതിഹവനം നടക്കുകയായിരുന്നു. ദര്‍ശനത്തിനുള്ള മൂന്നാമത്തെ നിരയുടെയും പിന്നിലെത്തിയ ഇവര്‍ ക്യൂവിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് മുന്‍പിലേക്ക് നീങ്ങി. ശ്രീകോവിലില്‍ ദര്‍ശന ഭാഗത്തുനിന്ന് മുന്നിലെ ഇറക്കത്തിലേക്ക് തള്ളപ്പെട്ടതോടെ അയ്യപ്പവിഗ്രഹം ദര്‍ശിക്കാനുള്ള അവസരം നഷ്ടമായി.
ഇതിനുശേഷം സോപാനത്തിലേക്ക് കയറാനുള്ള ശ്രമവും വിഫലമായതോടെ മഫ്തിയില്‍ ഇവര്‍ക്ക് സംരക്ഷണമൊരുക്കിയ പൊലീസ് ഇരുവരെയും ഇവിടെ നിന്ന് പടിഞ്ഞാറെ നടവഴി വന്ന വഴിയിലൂടെ തിരിച്ച് കൊണ്ടുപോയി. ഭക്തരുടെയും പ്രതിഷേധക്കാരുടെയും കണ്ണുവെട്ടിച്ച് സന്നിധാനത്ത് എത്തിയെങ്കിലും അയ്യപ്പ വിഗ്രഹം ദര്‍ശിക്കാന്‍ കഴിയാത്തതിന്റെ നിരാശ ഇവര്‍ പ്രകടിപ്പിച്ചെങ്കിലും ഇവരെ എത്തിച്ച വഴിയിലൂടെ അതിവേഗം പൊലീസ് തിരികെ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ പുറത്തുവിട്ട വിഡീയോ ക്‌ളിപ്പിലും ഈ സംസാരം പതിഞ്ഞിട്ടുണ്ട്.