ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ ലഹരി കേസ് പ്രതിയെ വിളിച്ചത് 78 തവണ.ബിനീഷ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരായി

ബാഗ്ലൂർ :ബിനീഷ് ബംഗലൂരു സൗത്ത് സോണ്‍ ശാന്തിനഗറിലെ ഇ.ഡി ഓഫീസില്‍ ഹാജരായി. രാവിലെ 11ന് എത്താനാണ് നിര്‍ദേശമെങ്കിലും 10.45ന് തന്നെ ബിനീഷ് ഹാജരായി. ചോദ്യം ചെയ്യല്‍ ആരംഭിച്ചതായാണ് സൂചന.ലഹരി മരുന്ന് കടത്തില്‍ പിടികൂടിയ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണ പരിധിയില്‍ വരാന്‍ ഇടയാക്കിയത്. ആറു ലക്ഷം രണ്ട് തവണയായി ഹോട്ടല്‍ ബിസിനസ് നടത്താന്‍ അനൂപിന് നല്‍കിയെന്നാണ് ബിനീഷ് പറഞ്ഞിരുന്നത്. മയക്കുമരുന്ന് ഇടപാടിന് ബിനീഷ് പണം മുടക്കിയിട്ടുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. അനൂപിന്റെ ബിസിനസ് ആവശ്യത്തിന് മാത്രമാണ് പണം മുടക്കിയതെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ബിനീഷിന് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും.

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ വിളിച്ചത് 78 തവണ. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മിൽ 78 തവണ ഫോണിൽ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ്, ആഗസ്റ്റ് 19ന് മാത്രം അഞ്ചുതവണയാണ് ഇരുവരും വിളിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഗസ്റ്റ് 21 ന് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ നിന്ന് 250 എംഡിഎംഎ ഗുളികകളുമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ അറസ്റ്റുചെയ്ത മുഹമ്മദ് അനൂപ്പിന്റെ കോൾ റെക്കോർഡുകളാണ് പുറത്തുവന്നത്. ലഹരിമരുന്ന് കേസും സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടെന്നാണ് ദേശീയ ഏജൻസികളായ എൻ‌സി‌ബിയും ഇഡിയും സംശയിക്കുന്നത്.

അനൂപ് മുഹമ്മദിന് ഹോട്ടൽ ആരംഭിക്കാൻ ബിനീഷ് കോടിയേരി പണം നൽകിയിരുന്നുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇഡിക്ക് നൽകിയ മൊഴിയിൽ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ പേരും പരാമർശിക്കുന്നുണ്ട്. ദൈനംദിന ചെലവിന് പണം കണ്ടെത്താൻ എംഡിഎംഎ ഗുളികകൾ കോളജ് വിദ്യാർഥികൾക്കും പാർട്ടികൾക്കും വിതരണം ചെയ്തിരുന്നുവെന്ന് അനൂപ് പറയുന്നു. കുറച്ചുപണം ഉണ്ടാക്കിയതിന് ശേഷം കുറച്ച് വസ്തു പാട്ടത്തിന് എടുത്തു. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെ അവിടെ ഹോട്ടല്‍ തുറന്നു- ആഗസ്റ്റ് 23ന് നൽകിയ മൊഴിയിൽ അനൂപ് മുഹമ്മദ് പറയുന്നു.

കഴിഞ്ഞ ദിവസം പരപ്പന അഗ്രഹാര ജയിലില്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അനൂപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിപ്പിച്ചത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. വിസാ സ്റ്റാംപിംഗ്, ഹവാല ഇടപാട് തുടങ്ങിയ വിഷയങ്ങളാണ് ഇ.ഡി ഇവിടെ പരിശോധിക്കുന്നത്. ഈ കേസില്‍ ബിനീഷിന്റെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയാലും പിഴ അടച്ച് വലിയ നിയമ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും.

Top