ബാംഗ്ലൂർ :ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഏതാണ്ട് ഒരു വർഷക്കാലത്തിനു ശേഷം ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എംജി ഉമയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാവാനിരിക്കെയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. പിതാവിന് സുഖമില്ലെന്നും, ഒരു വർഷത്തോളമായി താൻ തടവിൽ കഴിയുകയാണ് എന്നും കേസിൽ കഴമ്പില്ലെന്നും ബിനീഷ് വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. ബംഗളൂരുവിൽ കർണ്ണാടക ഹൈക്കോടതി ജഡ്ജി എം.ജി ഉമയാണ് കേസിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒറ്റ വരിയിലാണ് ഇപ്പോൾ ഇവർ ജാമ്യം അനുവദിച്ച പ്രഖ്യാപനം നടത്തിയത്.
എട്ടു മാസം നീണ്ടു നിന്ന വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. 2020 ആഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ നടി ഡി.അനിഖ എന്നിവരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ചോദ്യം ചെയ്യലില്‍ ബിനീഷിന്റെ ഇവര്‍ പറഞ്ഞതോടെയാണ് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.
സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കുടുക്കിയതെന്നും ബിനീഷ് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തന്റെ അക്കൗണ്ടിലെത്തിയത് ശരിയായ രീതികളിലൂടെയുള്ള കച്ചവടത്തിലെ ലാഭം മാത്രമാണ്. ഈ ഇടപാടുകളില്‍ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണ് അന്വേഷണ ഏജന്‍സിക്ക് അത് ബോധ്യം വരാത്തതെന്നും ബിനീഷ് പറഞ്ഞു. ലഹരി കടത്ത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും, കെട്ടിച്ചമച്ച കഥകളാണ് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതെന്നുമാണ് ബിനീഷ് വാദിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ ബിനീഷിൻറെ അഭിഭാഷകൻറെ വാദം ജൂലൈ മാസം പൂർത്തിയായിരുന്നു. മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പ്രതിചേർക്കാത്തതിനാൽ കേസിനെ ആധാരമാക്കി ഇ.ഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിൻറെ അഭിഭാഷകൻ വാദിച്ചത്.തനിക്കെതിരെ കേരളത്തിലും ദുബൈയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ബംഗളൂരു ലഹരിക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ രണ്ട് തട്ടിലാണ്. ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർക്കാതെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികൾ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.കന്നട സീരിയൽ നടി അനിഘയാണ് എൻ.സി.ബി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവിന്ദ്രൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ എൻ.സി.ബിയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടേയും എൻ.സി.ബിയുടേയുംകുറ്റപത്രങ്ങൾ കോടതിയുടെ പരിഗണനയിലാണുള്ളത്.