ന്യൂഡല്‍ഹി:തമിഴ്‌നാട്ടിലെ കൂനൂരില്‍ സൈനിക ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ടവരില്‍ ഒരാള്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തായിരുന്നു. മധുലിക റാവത്ത് വെല്ലിങ്ടണിലേക്ക് യാത്ര ചെയ്തത് സേനയില്‍ വഹിക്കുന്ന ചുമതലകളുടെ ഭാഗമായി. സൈനികരുടെ ഭാര്യമാരുടെ സംഘടനയായ ഡിഫന്‍സ് വൈഫ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ പ്രസിഡന്റ് മധുലിക ആണ്. തന്റെ ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് മധുലിക റാവത്ത് സേനാഗംങ്ങള്‍ ഉള്‍പ്പെട്ട സംഘത്തിനൊപ്പം വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്. സൈനികരുടെ ഭാര്യമാരുടെ സംഘടനയായ ‘ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ(എഡബ്ല്യുഡബ്ല്യുഎ) പ്രസിഡന്റാണ് മധുലിക. സംയുക്ത സേനാ മേധാവിയുടെ ഭാര്യയാണ് എഡബ്ല്യുഡബ്ല്യുഎയുടെ അധ്യക്ഷ പദവി വഹിക്കുന്നത്. അതിന്റെ ഭാഗമായായിരുന്നു യാത്രയും.
സേനയുടെ ചടങ്ങുകളില്‍ സൈനിക മേധാവിക്കൊപ്പം പോകേണ്ടത് ഭാര്യയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണ്. സേനാ വാഹനങ്ങളിലും കോപ്റ്ററുകളിലും യാത്ര ചെയ്യാനുള്ള അനുമതി ഇവര്‍ക്കുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഓഫിസര്‍മാരുടെ ഭാര്യമാരുമായി ആശയ വിനിമയം നടത്തുക അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുക എന്നത് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ ചുമതലയാണ്.
എന്നാല്‍ സേനയുടെ ഭാഗമല്ലാത്ത മറ്റ് പൗരന്മാര്‍ സേനയുടെ ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുമ്പോള്‍ സത്യവാങ്മൂലം നല്‍കണം. യാത്രയ്ക്കിടയില്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായാല്‍ ഉത്തരവാദിത്വം സേനയ്ക്ക് അല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലമാണ് ഇത്. സര്‍വ സൈന്യാധിപനായ രാഷ്ട്രപതിയെ അഭിസംബോധന ചെയ്താണ് ഈ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്.
ഇന്നലെ ഊട്ടിക്ക് അടുത്ത് കുനൂരിലാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ സ്വദേശിയായ മധുലിക റാവത്ത് ഗ്വാളിയോറിലെ സിന്ധ്യ കന്യാ വിദ്യാലയത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദം നേടി. മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന മൃഗേന്ദ്ര സിംഗിന്റെ മകളാണ്. 1986 ല്‍ ആയിരുന്നു ബിപിന്‍ റാവത്തിന്റെയും മധുലികയുടെയും വിവാഹം. കൃതിക, താരിണി എന്നിവരാണ് മക്കള്‍.
എഡബ്ല്യൂഡബ്ല്യൂഎയിലെ പ്രവര്‍ത്തനത്തിന് പുറമേ ക്യാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു മധുലിക റാവത്ത്. ഡിഫന്‍സ് അംഗങ്ങളുടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു മധുലിക റാവത്ത്, രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങളുടെ ഉന്നമനത്തിനായുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളിന്‍ പങ്കാളിയായിട്ടുണ്ട്.
അതേസമയം, അപകടത്തില്‍പ്പെട്ട് തകര്‍ന്ന വ്യോമസേന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ സംഘമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വ്യോമസേനയുടെ മികച്ച ഹെലികോപ്റ്ററുകളിലൊന്നായ എംഐ17വി5 ആയിരുന്നു അപകടത്തില്‍പെട്ടത്. അപകടകാരണം കണ്ടെത്താന്‍ വളരെയധികം സഹായകരമാണ് കണ്ടെത്തിയിട്ടുളള ബ്ലാക് ബോക്‌സ്.