പ്രളയത്തില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കുന്നില്ല എന്നതാണ് സത്യം. മനുഷ്യന് മാത്രം ഉപയോഗിക്കാനായി ഭൂമിയെ നശിപ്പിച്ചതിന്റെ കൂടി ഫലമായി ഉണ്ടായ വന്‍ വിപത്തുകളെ നേരിട്ടനുഭവിച്ചവരാണ് കേരളീയര്‍. എന്നാല്‍ നമുക്കുപോലും സഹജീവികളോട് കരുണയോ സ്‌നേഹമോ ഉണ്ടാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇന്നലെ മലപ്പുറം ചങ്ങരംകുളത്ത് നടന്നത്.
ചങ്ങരംകുളം വില്ലേജ് ഓഫീസിന് സമീപത്തുള്ള മരങ്ങളില്‍ കൂടുകൂട്ടുന്ന ദേശാടന പക്ഷികള്‍ ശല്യമാണെന്നത് കണ്ട് ആ മരങ്ങള്‍ മുറിച്ച മാറ്റാന്‍ വില്ലേജ് ഓഫീസര്‍ ഉത്തരവിട്ടു. നൂറുകണക്കിന് പക്ഷിക്കൂടുകളുള്ള വന്‍ മരമാണ് മുറിച്ച് മാറ്റണമെന്ന് വില്ലേജ് ഓഫീസര്‍ ഉത്തരവിട്ടത്. വിവരമറിഞ്ഞ് പ്രതിഷേധവുമായി പ്രകൃതി സിനേഹികള്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല.
ഫോറസ്റ്റ് വകുപ്പിനെ വിവരമറിയിക്കുകയോ പക്ഷിക്കൂടുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ മരം വെട്ടി വീഴ്ത്തുകയും നിഷ്ഠൂരമായി അവയെ കൊല്ലുന്നതുമാണ് പിന്നീട് കണ്ടത്. വീഴ്ച്ചയുടെ ആഘാതത്തില്‍ ചിതറിത്തെറിച്ച മുട്ടകളും ചിറക് വിരിയാത്ത കുട്ടികളും രക്തം വാര്‍ന്ന് കിടക്കുന്ന പക്ഷികളെയും കൊണ്ട് വില്ലേജ് ഓഫീസ് പരിസരം നിറഞ്ഞു.
പക്ഷി സ്‌നേഹികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് രാവിലെ മൂന്ന് മണിക്കാണ് ഫോറസറ്റ് വിജിലന്‍സ് ചങ്ങരംകുളത്ത് നിന്ന് തിരിച്ചത് ഈ ക്രൂരതയുടെ വിവരം അറിഞ്ഞ ഉടനെ അവര്‍ നിലമ്പൂര് നിന്നും കാളികാവില്‍ നിന്നും രണ്ട് വാഹനങ്ങളിലായി പാഞ്ഞെത്തി. ജീവനുള്ള പക്ഷികളെ ഫോറസ്റ്റ് ശേഖരിച്ചു. നാട്ടുകാരില്‍ ചിലര്‍ രക്ഷപ്പെടുത്തിയ പക്ഷികളെയും അവര്‍ ഏറ്റെടുത്തു. എന്നാല്‍ ഈ ക്രൂര കൃത്യത്തിനെതിരെ നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പക്ഷികളെ ക്രൂരമായി നശിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രകൃതിസ്‌നേഹികള്‍.