ന്യുഡൽഹി:കേവലഭൂരിപക്ഷത്തിൽ ബിജെപിയിൽ വലിയ ആശങ്ക . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും വൻ ഭൂരിപക്ഷം നേടുമെന്നു ആവർത്തിക്കുമ്പോഴും മറ്റു ബിജെപി നേതാക്കൾക്കിടയിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കില്ലെന്ന ആശങ്ക പരക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.ആർഎസ്എസ് നേതൃത്വത്തോട് അടുത്ത ബന്ധം പുലർത്തുന്ന ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം പറഞ്ഞത് ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷമായ 271 സീറ്റുകൾ നേടാൻ കഴിഞ്ഞാൽ ‘വളരെ സന്തോഷം’ എന്നാണ്. അതേസമയം ഘടകകക്ഷികളുടെ സഹായത്തോടെ എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി തരംഗത്തിൽ 2014 ൽ പാർട്ടി ഒറ്റയ്ക്കു നേടിയത് 282 സീറ്റാണ്. എൻഡിഎ സഖ്യകക്ഷികൾ എല്ലാം കൂടി 336 സീറ്റുകളും.
ആർഎസ്എസിലൂടെ ബിജെപി നേതൃത്വത്തിലേക്കെത്തിയ റാം മാധവ് പാർട്ടിയിലെ കരുത്തനായ നേതാവാണ്. അദ്ദേഹത്തിന്റെ അഭിപ്രായം ഒരു തരത്തിൽ ആർഎസ്എസിന്റെ കൂടി കണക്കുകൂട്ടലായാണ് വിലയിരുത്തപ്പെടുന്നത്. 118 ലോക്സഭാ മണ്ഡലങ്ങളിൽ കൂടി വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റാം മാധവ് സംശയം ഉയർത്തിയതെന്നതും ശ്രദ്ധേയം. റാം മാധവിന്റെ വിലയിരുത്തൽ ശരിവച്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത് പ്രാദേശിക കക്ഷികൾ പലേടത്തും ശക്തമാണെന്നാണ്. എന്നാൽ ബിജെപി തന്നെയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയെന്നും നരേന്ദ്ര മോദി തന്നെ സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ബുധനാഴ്ച രാവിലെ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള യോഗത്തിൽ ബിജെപി നേതാവ് അരുൺ ജയ്റ്റ്‌ലിയും സമാനമായ സൂചന നൽകിയിരുന്നു. സീറ്റെണ്ണത്തിൽ 2014 ആവർത്തിക്കാനാവില്ലെന്നു സൂചിപ്പിച്ച അദ്ദേഹം, ബിജെപിക്കു മറ്റു ചില കക്ഷികളുടെ സഹായത്തോടെ സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.