കോഴിക്കോട് | പാലാ ബിഷപ്പ് ഉയര്‍ത്തിയ നാര്‍കോട്ടിക് ജിഹാദ് വിവാദം പരമാവധി ഉപയോഗപ്പെടുത്താന്‍ ബി ജെ പി തീരുമാനം. ദേശീയ ശ്രദ്ധയിലേക്ക് വിഷയം ഉയര്‍ത്തിക്കൊണ്ടുവരും. പാലാ ബിഷപ്പിന് പിന്തുണയുമായി മൈനോറിറ്റി മോര്‍ച്ചയെ ഇറക്കി സംസ്ഥാനത്ത് പ്രചാരണം നടത്തും. ബി.ജെ.പി.യുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സഭാ നേതാക്കളെ സന്ദർശിക്കും. ജിഹാദ് വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചയ്ക്ക് നിർദേശം നൽകി.പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സാമൂഹിക തിന്മകൾക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാൻ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. കുടുംബ ബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ക്രൈസ്ത നേതാക്കളുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ശബരിമല വിവാദത്തെ സുവര്‍ണാവസരം എന്നായിരുന്നു അന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള പാര്‍ട്ടി വേദിയില്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകളെ രംഗത്തിറക്കി നാമജപ യാത്രയടക്കം വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി ജെ പി ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പാലാ ബിഷപ്പിന്റെ പരാമര്‍ശം കൂടുതല്‍ അനുകൂല അവസരം കൈവന്നിരിക്കുകയാണെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നല്‍കിയ കത്തെന്നാണ് വിലയിരുത്തല്‍. പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടണമെന്നുമായിരുന്നു കത്തിലെ ആവശ്യം. അതിനിടെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദ്ദേശ്യമില്ലന്നും ബിഷപ്പ് പറഞ്ഞത് അവരുടെ ആശങ്കയാണെന്നും ഈ വിഷയമടക്കം എല്ലാം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. പാലാ ബിഷപ്പ് പരാമര്‍ശത്തിന്റെ വിവാദത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നില്ലെ. പരാമര്‍ശത്തില്‍ എന്തെങ്കിലും ദുരുദേശ്യമുണ്ടെന്ന് കരുതുന്നില്ല.
അതേ സമയം നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെക്കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമാക്കുന്നതിനു പിന്നിലാണ് ദുരുദേശമുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് അരാണ് ഉത്തരവാദികള്‍ എന്ന് ചോദിച്ചാല്‍ ഇതിനെയെല്ലാം ലാഭേച്ചയോടെ കാണുന്ന അല്ലെങ്കില്‍ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണെന്നാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.