ശബരിമല പ്രക്ഷോഭനായകൻ സുരേന്ദ്രന്‍ ബി.ജെ.പി പ്രസിഡണ്ടാകും, കുമ്മനം ദേശീയ ഉപാധ്യക്ഷന്‍? കൃഷ്ണദാസിനു താക്കോല്‍സ്ഥാനം.

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭ നായകനും ആര്‍.എസ്.എസിനു പ്രിയങ്കരനായ, മുരളീധരപക്ഷത്തെ കെ.സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷനാകും എന്ന് റിപ്പോർട്ട് .നേതൃത്വത്തില്‍ യുവത്വത്തിനു മുന്‍ഗണന നല്‍കണമെന്ന ആര്‍.എസ്.എസ്. നിലപാടാണു സുരേന്ദ്രന് അനുകൂലമാകുന്നത് . സംസ്ഥാനാധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട ശോഭാ സുരേന്ദ്രനും എം.ടി. രമേശിനും നിര്‍ണായകചുമതല നല്‍കും.ബി.ജെ.പി. സംസ്ഥാനാധ്യക്ഷനെയും ജില്ലാ അധ്യക്ഷന്‍മാരെയും ദേശീയനേതൃത്വം ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
ഭാരവാഹി തെരഞ്ഞെടുപ്പില്‍ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് പക്ഷങ്ങള്‍ക്കു തുല്യപരിഗണന നല്‍കിയെങ്കിലും അന്തിമവാക്ക് ആര്‍.എസ്.എസി ന്റേതു തന്നെയാണ് .വി. മുരളീധരനു കേന്ദ്രമന്ത്രിസ്ഥാനവും പി.എസ്. ശ്രീധരന്‍പിള്ളയ്ക്കു ഗവര്‍ണര്‍ സ്ഥാനവും നല്‍കിയതിനു പിന്നാലെ, മറ്റൊരു മുന്‍സംസ്ഥാനാധ്യക്ഷന്‍ പി.കെ. കൃഷ്ണദാസിനും താക്കോല്‍പദവി ലഭിക്കും. സംസ്ഥാനഘടകത്തില്‍ ഒ. രാജഗോപാല്‍ പ്രഭാവത്തിനും അന്ത്യമാകുമെന്നാണു സൂചന. പാര്‍ട്ടിയുടെ ഏക എം.എല്‍.എയായിട്ടും പ്രതീക്ഷിച്ച പ്രകടനമുണ്ടാകാത്തതാണു ദേശീയനേതൃത്വത്തിന്റെ അതൃപ്തിക്കു കാരണം.

മുന്‍ സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷനാക്കുമെന്നാണു സൂചന. ജില്ലാ അധ്യക്ഷപദവികളില്‍ കൃഷ്ണദാസ് പക്ഷത്തിനു നേരിയ മുന്‍തൂക്കം ലഭിക്കുമെങ്കിലും സംസ്ഥാനാധ്യക്ഷസ്ഥാനം ഉറപ്പാക്കാന്‍ മുരളീധരപക്ഷത്തിനു കഴിഞ്ഞു. ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ പുതിയ നേതൃത്വത്തിലെ പലരുടെയും തലയുരുളുമെന്നു ദേശീയാധ്യക്ഷന്‍ അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതിയനേതൃത്വത്തിനും വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. സംസ്ഥാനാധ്യക്ഷനു പുറമേ, പാര്‍ട്ടിക്കു നിര്‍ണായകസ്വാധീനമുള്ള തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അധ്യക്ഷസ്ഥാനം മുരളീധരപക്ഷത്തിനാകും. തിരുവനന്തപുരത്തു വി.വി. രാജേഷും പാലക്കാട്ട് പി. കൃഷ്ണദാസും അധ്യക്ഷപദവിയിലെത്തുമെന്നുറപ്പായി. ആര്‍.എസ്.എസ്. നിര്‍ദേശപ്രകാരം, ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍ നിന്നവരെയാണു ജില്ലാനേതൃത്വങ്ങളിലേക്കു നിയോഗിച്ചിരിക്കുന്നത് എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു .

Top