രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടൽ :മന്ത്രി വി.മുരളീധരൻ

ന്യുഡൽഹി:കാർഷിക നിയമം സംബന്ധിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററി സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. നിയമത്തെ കുറിച്ച് കർഷകർക്ക് ധാരണ ഉണ്ടായാൽ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുമായിരുന്നെന്ന രാഹുലിന്‍റെ പരാമർശം കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കമാണ്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുടെ മറവിൽ വൻ തോതിലുള്ള അക്രമ സംഭവങ്ങൾ ദില്ലിയിൽ നടത്തിയത് കണ്ടിട്ടും കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണം നടത്താൻ എങ്ങിനെയാണ് രാഹുൽ ഗാന്ധിക്ക് കഴിയുന്നത്? 300 പൊലീസ് സേനാംഗങ്ങൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതും രാഹുൽ ഗാന്ധി കണ്ടില്ലെന്ന് നടിക്കുന്നു.

വിരുന്നുകാരനായി എത്തുമ്പോഴെങ്കിലും കാർഷിക നിയമം പഠിച്ച് തന്‍റെ മണ്ഡലത്തിലെ കർഷകരോട് നിയമത്തെ കുറിച്ച് ചോദിക്കാൻ സമയം കണ്ടെത്തുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടത്. കോൺഗ്രസ്സ് അധികാരത്തിലിരുന്നപ്പോൾ കാർഷിക നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമായ നിർദേശങ്ങൾ മുന്നോട്ട് വച്ചകാര്യം അദ്ദേഹം സൗകര്യപൂർവ്വം മറന്നിരിക്കുന്നു. കർഷക പ്രക്ഷോഭത്തിന്‍റെ മറവിൽ നടന്ന അക്രമങ്ങളെ തള്ളി പറയാൻ പ്രധാന നേതാക്കൾ തയ്യാറായിട്ടും അക്രമികൾക്ക് പിൻതുണ നൽകുന്ന രാഹുൽ ഗാന്ധിയുടെ സമീപനം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.

Top