സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; പ്രിയങ്ക ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി!..

കോഴിക്കോട് :സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലില്‍ അടച്ച യു.പി. പൊലീസ് നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്ന് രാഹുൽ ഗാന്ധി. ഈ വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും, യുപിസിസിയും ഇടപെടുമെന്നും രാഹുൽ വ്യക്തമാക്കി .മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തി നിവേദനം നൽകിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോൺ. നേതാവ് ഫാത്തിമ റോഷ്ന എന്നിവരെയാണ് രാഹുൽ ഗാന്ധി നിലപാടറിയിച്ചത്.

വയനാട് മണ്ഡല സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിവേദനം നല്‍കി. കെപിസിസി സെക്രട്ടറി കെപി നൗഷാദ്, മഹിള കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷ്‌ന എന്നിവരാണ് മലപ്പുറം ഗസ്റ്റ് ഹൗസില്‍ വച്ച് രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കിയത്.സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ ഗൗരവതരമായ ഇടപെടലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. യുപി കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

പ്രിയങ്കയും യുപി കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ നേരത്തെ കോണ്‍ഗ്രസ് സമര പരിപാടികളുമായി മുന്നിലുണ്ട്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഞായറാഴ്ച സിദ്ദീഖ് കാപ്പന്റെ വേങ്ങരയിലെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളും എത്തിയിരുന്നു. മലപ്പുറത്ത് പ്രത്യേക പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ഈ പ്രതിഷേധത്തില്‍ ടിഎന്‍ പ്രതാപന്‍ എംപി സംസാരിച്ചു.

കേരളത്തിലെ എംപിമാര്‍ മാധ്യമപ്രവര്‍ത്തകന്റെ മോചനത്തിന് ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് വിവരം. മുസ്ലിം ലീഗ് നേതാക്കള്‍ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിപിഎം കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഹത്രാസില്‍ ദളിത് യുവതി സവര്‍ണ ജാതിക്കാരാല്‍ പീഡിപ്പിക്കപ്പെട്ട് കൊല ചെയ്ത സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇവിടേക്ക് റിപ്പോര്‍ട്ടിങിനായി തിരിച്ച സിദ്ദീഖ് കാപ്പനെ മഥുര റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനൊപ്പം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. കാപ്പനും മറ്റുള്ളവര്‍ക്കുമെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസും എടുത്തിട്ടുണ്ട്. ഇതിനെതിരെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ കെയുഡബ്യുജെ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു.

Top