വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കും !കേരളം കോൺഗ്രസ് തൂത്ത് വാരും

ന്യുഡൽഹി : കേരളവും ദക്ഷിണേന്ത്യയും തൂത്തുവാരാൻ കോൺഗ്രേയ്‌ന്റെ ചടുലമായ നീക്കം .വയനാട്ടിൽ നിന്നും മത്സരിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു .വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. കേരള നേതാക്കളുടെ ആവശ്യം ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. രാഹുൽ ഗാന്ധിയിൽ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു .രാഹുല്‍ ഗാന്ധിക്ക് വയനാട് മത്സരിക്കാന്‍ താന്‍ പിന്മാറുന്നുവെന്ന് ടി സിദ്ദിഖ്. ഇത് ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണ്. തനിക്ക് അഭിമാനമാണ്.  ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടിലെ ജനങ്ങള്‍ക്ക് അനന്ത വികസന സാധ്യതകള്‍ തുറക്കാനുള്ള അവസരമാണ് നല്‍കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ വിശ്വസ്ത പ്രചാരകരായി മുന്നോട്ട് പോകുമെന്നും സിദ്ദിഖ്. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിച്ചാൽ പാർട്ടിക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

നേരത്തെ കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു നേരത്തേ കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്‍റെ നിർദ്ദേശം. ഇതിന് പിന്നാലെ വയനാട്ടിൽ തട്ടി കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ വഴിമുട്ടിയപ്പോൾ ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ‘രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.

രാഹുലിന്‍റെ മനസ് അറിയാനായിരുന്നു ചോദ്യമെങ്കിലും വയനാട്ടില്‍ മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധി നേരിടുന്ന കര്‍ണാടകത്തില്‍ അതിന്‍റെ ആവേശമുണ്ടാകുമെന്നും നേരത്തെ തന്നെ കേരള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോൺഗ്രസിന്‍റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും ആയിരുന്നു അന്ന് രാഹുൽ ഗാന്ധിയുടെ പ്രതികരണം. എന്നാൽ താൻ മത്സരിക്കാൻ ഉദ്ദേശിക്കുന്നത് അമേഠിയിൽ നിന്നുതന്നെയാകുമെന്നും രാഹുൽ ഗാന്ധി കേരള നേതാക്കളോട് പറഞ്ഞു.

ഇതിനുശേഷം വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ടി സിദ്ദിഖിനെ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ വയനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പ് പോരിൽ പെട്ട് ഏറെ നീണ്ടുപോയത് മറ്റ് മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തരുടെ ഉന്മേഷം കുറച്ചു. അമേഠിയെക്കൂടാതെ കേരളത്തിൽ കോൺഗ്രസിന് ഏറ്റവും ശക്തിയുള്ള മണ്ഡലമായ വയനാട്ടിൽ കൂടി രാഹുൽ ഗാന്ധി മത്സരിച്ചാൽ കേരളത്തിലും കർണ്ണാടകത്തിലും കൂടുതൽ സീറ്റുകളിൽ ജയിച്ചുകയറാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. തെക്കേ ഇന്ത്യയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടിയാലേ ലോക്സഭയിൽ പ്രതീക്ഷിക്കുന്ന സംഖ്യയിലേക്ക് കോൺഗ്രസിന് എത്താനാകൂ എന്നും കോൺഗ്രസിൽ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം വീണ്ടും രാഹുൽ ഗാന്ധിയോട് വയനാട്ടിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ടത്. ഇപ്പോൾ പന്ത് രാഹുൽ ഗാന്ധിയുടെ കോർട്ടിലാണ്. ഇന്നുതന്നെ ഈ കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനം എടുക്കുമെന്നാണ് വിവരം.

Top