മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍ഡിഎ സഖ്യം ബിഹാറില്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ എറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന ബിജെപി സ്വപ്നം കൂടി സഫലമാകുകയാണ്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡി ഏറെ പിന്നാക്കം പോയി. രണ്ടക്കം തികയ്ക്കാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ബിഹാറിന് ശേഷം ബംഗാളെന്നാണ് ബിജെപി പ്രഖ്യാപനം.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള സോഷ്യലിസ്റ്റ് ബിഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയെന്നത് ബിജെപിയുടെ എക്കാലത്തേയും വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2020ല്‍ 74 സീറ്റാണ് ബിജെപി നേടിയത്. 75 സീറ്റ് നേടിയ ആര്‍ജെഡി ഏറ്റവും വലിയ പാര്‍ട്ടിയായി. ഇരട്ട എന്‍ജിന്‍ സര്‍ക്കാരെന്ന ദൗത്യവുമായി എത്തിയപ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രചാരണം ബിഹാറില്‍ ഫലം കണ്ടു. മോദി ഇഫക്ട് , ബിഹാറിലും മേല്‍ക്കൈ നല്‍കിയെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.
ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന എക്‌സിറ്റ് പോള്‍ ഫലം യാഥാര്‍ഥ്യമായി. ഹിന്ദു മുന്നാക്ക വോട്ടുകളുടെ ഏകീകരണം ഉള്‍പ്പെടെ ബിജെപിക്ക് ഗുണം ചെയ്തു. 2020ല്‍ 43 സീറ്റ് മാത്രമാണ് ജെഡിയു നേടിയതെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി സമ്മതം മൂളി. സുശീല്‍ കുമാര്‍ മോദിയെപ്പോലെ ജനസമ്മിതിയുള്ള നേതാക്കളുടെ അഭാവം തിരിച്ചടിയാകാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ദേശീയ നേതാക്കളുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ബിജെപിയെ തുണച്ചു.
തുടക്കത്തില്‍ നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി തയാറായിരുന്നില്ലെങ്കിലും നിതീഷ് ഫാക്ടര്‍, നേട്ടമാകുമെന്ന വിലയിരുത്തലില്‍ ബിജെപി എത്തിച്ചേര്‍ന്നു. നിതീഷ് കുമാര്‍ തന്നെയാകും മുഖ്യമന്ത്രി എന്നുറപ്പിച്ചു പറയാന്‍ ബിജെപി തയാറായി. ഒഡിഷ, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മേല്‍ക്കൈ നേടുകയെന്നത് ബിജെപിയുടെ വലിയ ലക്ഷ്യമാണ്. ഒഡിഷയില്‍ ഇതാദ്യമായി ഭരണം പിടിച്ച ബിജെപി , ഇപ്പോള്‍ ബിഹാറിലെ ഏറ്റവും വലിയ പാര്‍ട്ടിയായി.


