
റായ്പൂര്‍: തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ബിജെപി സ്ഥാനാര്‍ഥിയുടെ വിചിത്ര ആചാരം. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് ബൂത്തിനുള്ളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ പൂജ നടത്തിയാണ് സ്ഥാനാര്‍ത്ഥി പ്രാര്‍ത്ഥിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ മന്ത്രി ദയാദാസ് ബാഗേല്‍ ആണ് പോളിംഗ് ബൂത്തില്‍ പൂജ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ മന്ത്രിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിലവിലെ സഹകരണമന്ത്രിയായ ബാഗേല്‍ വോട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് പോളിംഗ് ബൂത്തിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതും തേങ്ങ ഉടയ്ക്കുന്നതുമാണ് വീഡിയോയില്‍. ഛത്തീസ് ഗഡിലെ 72 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിലാണ് നവാഗര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്.
ഒരു പ്രാദേശിക മാധ്യമമാണ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യം വൈറലായി മാറിയതോടെ ബാഗേലിന് 24 മണിക്കൂറില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ബെമേത്താര കളക്ടറുടേയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാദേവ് കാവ്റേയുടേയും നോട്ടീസും ലഭിച്ചു. അതേസമയം വീഡിയോയില്‍ ബൂത്ത് നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ ഏത് ബൂത്തിലാണ് സംഭവം നടന്നതെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ഏറ്റെടുത്തതോടെ വലിയ ചര്‍ച്ചയായി.