ന്യൂഡല്‍ഹി: ഭരണം കാര്യക്ഷമമാക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാനും ജനപ്രതിനിധികള്‍ക്ക് പരിശീലന ക്ലാസുമായി ബിജെപി. ബിജെപി എംപിമാര്‍ക്കാണ് പരിശീലന ക്ലാസ് നല്‍കുന്നത്. രണ്ടുദിവസത്തെ പരിശീലനപരിപാടിക്ക് ഡല്‍ഹിയില്‍ തുടക്കമായി.
ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ പാര്‍ലമെന്റ് ലൈബ്രറി ബില്‍ഡിങിലാണ് ‘അഭ്യാസ് വര്‍ഗ’ എന്ന പേരില്‍ പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസില്‍ എല്ലാ എം.പി.മാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്നാണ് പാര്‍ട്ടി പാര്‍ലമെന്ററി ഓഫീസിന്റെ നിര്‍ദേശം.
രണ്ടുദിവസമായി നടക്കുന്ന പരിശീലനപരിപാടിയില്‍ വിവിധ സെഷനുകളിലായി പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അമിത് ഷാ, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരും എം.പിമാരുമായി സംവദിക്കും.
പാര്‍ലമെന്റിന് അകത്തും പുറത്തും എം.പിമാര്‍ എങ്ങനെ പെരുമാറണമെന്നും, പൊതുപ്രവര്‍ത്തനത്തില്‍ എങ്ങനെ ഇടപെടണമെന്നതിലുമാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്. ബി.ജെ.പി.യുടെ രാജ്യസഭയിലെയും ലോക്സഭയിലെയും മുഴുവന്‍ എം.പിമാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കും.