വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സിനിമാ, സ്‌പോര്‍ട്‌സ്, സാംസ്‌കാരിക മേഖലകളില്‍നിന്ന് ഉള്‍പ്പെടെയുള്ള താരങ്ങളെ കളത്തിലിറക്കാന്‍ ബീജെപി നീക്കം. നടന്‍ മോഹന്‍ലാല്‍, ക്രിക്കറ്റ് താരം സെവാഗ്, ബോളിവുഡ് താരം അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍ തുടങ്ങി 70 ഓളം പേരെ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സിനിമാ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് തുടങ്ങിയവരെയാണു സ്ഥാനാര്‍ഥികളായി തീരുമാനിച്ചിട്ടുള്ളതെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍നിന്നാകും മോഹന്‍ലാല്‍ മല്‍സരിക്കുക. ന്യൂഡല്‍ഹിയില്‍ അക്ഷയ് കുമാര്‍, മുംബൈയില്‍ മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുരില്‍ സണ്ണി ഡിയോള്‍ തുടങ്ങിയവരെ മത്സരിപ്പിക്കാനുള്ള സാധ്യതയാണു ബിജെപി പരിശോധിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശമനുസരിച്ചാണു കൂടുതല്‍ പ്രഫഷനലുകളെയും ജനസമ്മതിയുള്ള പ്രമുഖരെയും മത്സരിപ്പിക്കുന്നത്. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിയാക്കാവുന്ന അഞ്ചു പ്രമുഖരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ ബിജെപി എംപിമാരോടു മോദി നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനും പാര്‍ട്ടി എംപിമാര്‍ക്കും എതിരെ ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധവികാരം മറികടക്കാനാണു പ്രമുഖരെ അണിനിരത്തുന്നതെന്നു ബിജെപി നേതാവ് വ്യക്തമാക്കി.
മോഹന്‍ലാല്‍ തിരുവനന്തപുരത്തുനിന്നുള്ള ബിജെപി സ്ഥാനാര്‍ഥി ആയേക്കുമെന്നു നേരത്തേയും പ്രചാരണമുണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായത്. ‘മുന്‍പും പല വാര്‍ത്തകളും വന്നിട്ടുണ്ടെന്നും താനിപ്പോള്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്’ എന്നുമായിരുന്നു സ്ഥാനാര്‍ഥിത്വ ചര്‍ച്ചകളോടു മോഹന്‍ലാല്‍ പ്രതികരിച്ചത്.