തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം മടുത്തു. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. പറയുന്നത് കേരള നിയമസഭയിലെ ഒരേഒരു ബിജെപി എം.എല്‍.എ ആയ ഒ രാജഗോപാല്‍. പ്രതീക്ഷക്കൊത്ത് ഉയരാന്‍ തനിക്ക് സാധിച്ചില്ല എന്നും അത്തര വിമര്‍ശനങ്ങളില്‍ വിഷമമില്ല എന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിലെ പരിപാടിയിലാണ് ഒ രാജഗോപാല്‍ എം.എല്‍.എ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ബിജെപി പൂര്‍ത്തിയാക്കിയെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവ് പാര്‍ലമെന്ററി രാഷ്ട്രീയം വേണ്ടെന്ന തുറന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താങ്കളുടെ തീരുമാനം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലെ എന്ന ചോദ്യത്തോട് തനിക്കതിന് വിഷമമില്ലെന്ന മറുപടിയായിരുന്നു രാജഗോപാല്‍ നല്‍കിയത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് കൊണ്ടാണോ താങ്കള്‍ പിന്മാറുന്നതെന്ന് ചോദിച്ചാലും തനിക്ക് വിഷമമില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
ബാക്കിയുള്ള കാലം പുസ്തകവായനയും ആശ്രമ ജീവിതവുമായി മുന്നോട്ട് പോകാനാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവാണ് ഒ രാജഗോപാല്‍. കൂടാതെ നിയമസഭയിലെ ബി.ജെ.പിയുടെ ഏക എ.എല്‍.എയുമാണ് അദ്ദേഹം. നിരവധി തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ജയിക്കുന്നത്.