തിരുവനന്തപുരം: സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തെ കുറ്റപ്പെടുത്തി ഭീമന്‍ രഘു, രാജസേനന്‍, രാമസിംഹന്‍ എന്നിവര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാറും രംഗത്തെത്തി.
ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയില്‍ തനിക്ക് വേദിയില്‍ ഇടം നല്‍കിയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കവടിയാര്‍ ഉദയ് പാലസില്‍ വെച്ചായിരുന്നു വിശാല ജനസഭ സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനായി കൃഷ്ണകുമാറിനെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടുമില്ല എന്നാണ് വിവരം.
കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് കൃഷ്ണകുമാറിനോട് പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സദസിലിരുന്ന കൃഷ്ണകുമാര്‍ പരിപാടി തീരും മുന്‍പു തന്നെ മടങ്ങിപ്പോവുകയും ചെയ്തു. ഇതിനു പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തെത്തുകയായിരുന്നു.
അതേസമയം തര്‍ക്കങ്ങളുണ്ടെങ്കിലും ബി ജെ പി വിടുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കൃഷ്ണകുമാര്‍ നല്ല വോട്ട് പിടിച്ചിരുന്നു.
ബി ജെ പിയില്‍ കലാകാരന്‍മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് സംവിധായകരായ രാജസേനന്‍, രാമസിംഹന്‍ (അലി അക്ബര്‍) എന്നിവരും നടന്‍ ഭീമന്‍ രഘുവും കഴിഞ്ഞ മൂന്നാഴ്ചക്കിടെ പാര്‍ട്ടി വിട്ടത്. സംവിധായകന്‍ മേജര്‍ രവിയും സംസ്ഥാനന നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.