റാഞ്ചി: ജാർഖണ്ഡിലെ ജെ എം എമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് സംസ്ഥാനത്തെ മദ്രസകളിൽ അഭയം നൽകിയെന്നും അവർക്ക് ആധാർ, വോട്ടർ ഐഡി കാർഡ്, ഗ്യാസ് കണക്ഷൻ, റേഷൻ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകൾ ലഭ്യമാക്കാൻ സഹായിച്ചെന്നും ജെപി നദ്ദ ആരോപിച്ചു. ബൊകാരോ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് നദ്ദയുടെ ആരോപണം.
ഇപ്പോഴാണ് എനിക്ക് ഇന്റലിജെൻസ് റിപ്പോർട്ട് ലഭിച്ചത്. അതിൽ പറയുന്നത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് സംസ്ഥാനത്തെ മദ്രസകളിൽ അഭയം നൽകിയെന്നാണ്. അവർക്ക് ആധാർ, വോട്ടർ ഐഡി കാർഡ്, ഗ്യാസ് കണക്ഷൻ, റേഷൻ കാർഡ് എന്നിവ ലഭ്യമാക്കി. ഇനി ഭൂമി കൂടി ഉറപ്പാക്കാനുള്ള നടപടികൾ ഹേമന്ത് സോറൻ സർക്കാർ ശ്രമിച്ചുവെന്നാണ്. ഹേമന്ത് സോറൻ ഇവിടുത്തെ കാടും വെള്ളവും ഭൂമിയും എല്ലാം കൊള്ളയടിച്ചു. നുഴഞ്ഞുകയറ്റം ഇവിടെ വ്യാപകമാണ്. നുഴഞ്ഞ് കയറിയവർ ആദിവാസികളെ വിവാഹം കഴിഞ്ഞ് അവരുടെ ഭൂമി തട്ടിയെടുക്കുകയാണ്. എന്നാൽ അവരെ തടയാൻ ഞങ്ങൾ നിയമം കൊണ്ടുവരുമെന്ന് ഉറപ്പുതരുന്നു. നുഴഞ്ഞുകയറ്റം തടയാൻ മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന് മാത്രമേ കഴിയൂ’, നദ്ദ പറഞ്ഞു.
ജെ എം എം-ആർ ജെ ഡി- കോൺഗ്രസ് സഖ്യത്തെ ‘അഴിമതിക്കാരുടെ കുടുംബം’ എന്നാണ് നദ്ദ വിശേഷിപ്പിച്ചത്. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഒന്നുകിൽ ജയിൽ വാസം അനുഭവിച്ചവരാണ്. അല്ലെങ്കിൽ ജാമ്യത്തിൽ തുടരുന്നവർ. ഹേമന്ത് സോറൻ ജാമ്യത്തിലണ്. ഉടൻ തന്നെ വീണ്ടും ജയിലിലാകും. 5,000 കോടി രൂപയുടെ ഖനന അഴിമതിയിലും 236 കോടിയുടെ ഭൂമി കുംഭകോണത്തിലും മറ്റ് നിരവധി അഴിമതികളിലും ഹേമന്ത് സോറൻ ഉൾപ്പെട്ടിട്ടുണ്ട്. ജനങ്ങളെ വിഭജിക്കാനാണ് ജെ എം എം ശ്രമിക്കുന്നത്. ജാർഖണ്ഡിൽ ഇക്കുറി ബി ജെ പി അധികാരത്തിൽ വരും’, നദ്ദ പറഞ്ഞു.