
തിരുവനന്തപുരം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടു കച്ചവടം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ഒ രാജഗോപാല്‍. ഒ രാജഗോപാലിന്റെ ആത്മകഥയായ ‘ജീവിതാമൃതം’ പുസ്തകത്തിലാണ് ഈ പരാമർശം . ധാരണ സുതാര്യമായിരുന്നില്ലെന്നും അത്തരം വഞ്ചന കേരളത്തിലോ ബിജെപിയിലോ ആവർത്തിക്കരുതെന്നും പുസ്തകത്തിൽ ഓർമിപ്പിക്കുന്നു.
1991ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും വോട്ടുകച്ചവടം നടത്തിയെന്നാണ് തന്റെ ആത്മകഥയായ ജീവിതാമൃതത്തില്‍ രാജഗോപാല്‍ വെളിപ്പെടുത്തിയത്. ”എന്നാല്‍ വോട്ടുകച്ചവടം ബിജെപിക്ക് തിരിച്ചടിയായിരുന്നു. പിപി മുകുന്ദന്റെ പരിചയക്കുറവ് എല്‍ഡിഎഫും യുഡിഎഫും മുതലെടുത്തു. കെജി മാരാര്‍ക്കും രാമന്‍പിള്ളക്കും നല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ല. അങ്ങനെ എല്‍ഡിഎഫ് ഉന്നയിച്ച കോലീബീ എന്ന ആക്ഷേപം മാത്രം ബാക്കിയായി.” ബിജെപി വോട്ടുകൂടി നേടിയാണ് യുഡിഎഫ് അന്ന് അധികാരത്തിലെത്തിയതെന്നും രാജഗോപാല്‍ ആത്മകഥയില്‍ വെളിപ്പെടുത്തി.
കെ ജി മാരാർ, രാമൻപിള്ള എന്നിവരുടെയുൾപ്പെടെ വിജയം ബിജെപി ലക്ഷ്യമിട്ടപ്പോൾ ഭരണമായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. എന്നാൽ, രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടതോടെ അന്തരീക്ഷം മാറി. രഹസ്യമായി സഖ്യമുണ്ടാക്കിയതാണ് പ്രശ്നം. ഏത് സഖ്യവും സുതാര്യവും ജനങ്ങൾ അറിയുന്നതുമാകണം. ‘ഇന്ന് പുനരാലോചിക്കുമ്പോൾ ആദ്യം തോന്നുന്നത് ഞങ്ങളുടെ ആത്മാർഥത വഞ്ചിക്കപ്പെട്ടെന്നതാണ്. അവ്യക്തമായിട്ടാണെങ്കിലും ഉഭയസമ്മതപ്രകാരം രൂപപ്പെട്ട ധാരണ പൂർണമായും നടപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി. അത് നടപ്പാക്കി. ഞങ്ങൾക്ക് അതുസംബന്ധിച്ച് ഉറപ്പ് നൽകിയവർ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. മേലിൽ ഇത്തരം വഞ്ചനയ്‌ക്ക് നിന്നുകൊടുക്കരുത്.’–- പുസ്തകത്തിൽ പറയുന്നു. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഞായറാഴ്‌ച തിരുവനന്തപുരത്ത് പുസ്തകം പ്രകാശിപ്പിച്ചു.