കൊച്ചി: എത്ര പണിപ്പെട്ടിട്ടും കേരളത്തിൽ ബിജെപിക്ക് പുരോഗതി ഉണ്ടാകുന്നില്ല .വോട്ടു ശതമാനത്തിൽ മുൻപ് ഉണ്ടായിരുന്നതിലും നാല് ലക്ഷത്തിൽ അധികം നഷ്ടമാവുകയും ചെയ്തു .അതിനാൽ തന്നെ കേരളത്തില്‍ ബിജെപിക്കേറ്റ കനത്ത പരാജയം പാര്‍ട്ടിയെ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തണമെന്നുള്ള നിര്‍ദേശമാണ് പ്രധാനമായും നേതാക്കള്‍ക്ക് ലഭിക്കുന്നത്. കേരളത്തില്‍ ബിജെപി നേതൃത്വം ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സംസ്ഥാന ബിജെപിക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഞായറാഴ്ച്ച വൈകിട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് നരേന്ദ്രമോദി നേതാക്കള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ഹിന്ദു ഇതര സമുദായങ്ങളോട് അടുപ്പം സ്ഥാപിക്കണം, ക്രിസ്ത്യന്‍ സമുദായത്തിന്റെ വിശ്വാസം നേടിയെടുക്കുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ ക്രിസത്യന്‍ വിഭാഗത്തിന് ബിജെപിയോട് അടുക്കാന്‍ തടസങ്ങളൊന്നും കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനകം കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിവി ആനന്ദബോസ് എന്നിവര്‍ കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം നല്‍കിയ റിപ്പോര്‍ട്ടില്‍ ബിജെപി കേരളത്തിലെ സംഘടനാ തലത്തില്‍ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും മോര്‍ച്ച അധ്യക്ഷന്‍മാരുടെയും യോഗത്തിന് മുമ്പ് തന്നെ മൂന്ന് റിപ്പോര്‍ട്ടുകളും നല്‍കിയതായാണ് ലഭിക്കുന്ന വിവരം.അതേസമയം റിപ്പോര്‍ട്ട് നല്‍കിയ കാര്യം ഇ ശ്രീധരന്‍ നിഷേധിക്കുകയാണുണ്ടായത്. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കേണ്ടതുണ്ടെന്നും ബിജെപിയോട് പുലര്‍ത്തുന്ന അകല്‍ച്ച മാറ്റാനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. മൂവരുടെയും റിപ്പോര്‍ട്ടുകള്‍ വെവ്വേറെയാണ് നല്‍കിയത്.