ഗുജറാത്തിലെ ബിജെപി എംപി ഹണി ട്രാപ്പില്‍ കുരുങ്ങി; നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി അഞ്ച് കോടി ആവശ്യപ്പെട്ടെന്ന് എംപിയുടെ പരാതി; മാനഭംഗപ്പെടുത്തിയെന്ന് യുവതി

ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ പെടുത്തി അഞ്ച് കോടി ആവശ്യപ്പെട്ടന്ന പരാതിയുമായി ഗുജറാത്ത് എംപി. സഹായത്തിനായി സമീപിച്ച യുവതിയാണ് തന്നെ പെടുത്തിയതെന്നും ഗുജറാത്തില്‍നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേല്‍. ചതിയിലൂടെ തന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയശേഷം അതു പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. അതേസമയം, എംപി തന്നെ മാനഭംഗപ്പെടുത്തിയതാണെന്ന് ആരോപിച്ച് എംപിയുടെ പരാതിയില്‍ പറയുന്ന യുവതി കോടതിയെ സമീപിച്ചതോടെ കേസ് പുതിയ വഴിത്തിരിവിലെത്തി. യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എംപിയുടെ ‘ഹണി ട്രാപ്പ്’ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ പരാതിയും അന്വേഷിക്കാനുള്ള കോടതി ഉത്തരവ്.

അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് എംപിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ പെടുത്തി നാറ്റിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇത്തരമൊരു പരാതി ലഭിച്ചതായും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 384 അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ ആരോപണങ്ങള്‍ ഇങ്ങനെ: ഗുജറാത്തിലെ വല്‍സാദ് മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയായ കെ.സി. പട്ടേല്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍വച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. മുന്‍പും പലതവണ എംപി തന്നെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു. മാര്‍ച്ച് മൂന്നിന് അത്താഴവിരുന്നിനെന്ന പേരില്‍ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ഒടുവില്‍ മാനഭംഗപ്പെടുത്തിയത്. സംഭവം പുറത്തുവിട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യപ്പെടുത്തല്‍ പതിവായതോടെ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചെങ്കിലും അവര്‍ പരാതി സ്വീകരിക്കാന്‍ തയാറായില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്നാണ് നേരിട്ട് കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ എംപി നിഷേധിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് എംപിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ: എംപിയെന്ന നിലയില്‍ തന്റെ സഹായം തേടിയാണ് യുവതി എത്തിയത്. പിന്നീട്, ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ തന്നെ ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി മയക്കി. ബോധം തെളിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്. നഗ്‌ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും കാട്ടി സംഘം ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെ പരാതി നല്‍കുകയായിരുന്നു.

കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കേസ് ക്രൈം ബ്രാഞ്ചിനോ സ്‌പെഷല്‍ സെല്ലിനോ കൈമാറുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Top