കേരളം പിടിക്കാന്‍ തുടക്കം ! ചരിത്രമെഴുതി ബിജെപി പാലക്കാട് നഗരസഭയില്‍ അധികാരത്തില്‍

പാലക്കാട് :കേരളം പിടിക്കാനുള്ള തുടക്കം പാലക്കാട്ട് നിന്നോ ?പാലക്കാട് നഗരസഭയില്‍ ബി.ജെ.പി അധികാരത്തിലെത്തി. കേരളത്തില്‍ ആദ്യമായാണ് ഒരു നഗരസഭയില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലക്കാണ് ബി.ജെ.പി ഇവിടെ അധികാരത്തില്‍ വന്നത്. പുത്തൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നിന്ന് ജയിച്ച പ്രമീള ശശിധരനാണ് ചെയര്‍പേഴ്സണ്‍.
ഇന്നലെ രാവിലെ നഗരസഭാ ഹാളില്‍ വരണാധികാരിയായ ഷോജന്‍ നിയന്ത്രിച്ച ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ 19 നെതിരെ 24 വോട്ട് നേടിയാണ് പുത്തൂര്‍ 13-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച പ്രമീള ശശിധരന്‍ സംസ്ഥാനത്തെ ആദ്യ ബിജെപി നഗരസഭാ അധ്യക്ഷയായത്. എതിരെ മത്സരിച്ച യുഡി എഫിലെ പ്രിയയ്ക്ക് ഒരു സ്വതന്ത്രന്റെയും വെല്‍ഫെയര്‍പാര്‍ട്ടിയുടെയും വോട്ടുള്‍പ്പെടെ 19 വോട്ടുകളാണ് ലഭിച്ചത്. പ്രമീള ശശിധരന്‍ കഴിഞ്ഞ നാലാം തവണയാണ് ബിജെപി അംഗമായി നഗരസഭയിലെത്തുന്നത്.

സിപിഎമ്മില്‍ നിന്ന് കൊപ്പം 18-ാം വാര്‍ഡ് പിടിച്ചെടുത്ത ബിജെപി ജില്ലാ പ്രസിഡണ്ട് കൂടിയായ സി.കൃഷ്ണകുമാറാണ് വൈസ് ചെയര്‍മാന്‍. സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റായ കൊപ്പം പിടിച്ചെടുത്തുകൊണ്ട് മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിയെ വിജയത്തിലെത്തിച്ച കൃഷ്ണകുമാറും നാലാം തവണയാണ് നഗരസഭാംഗമാകുന്നത്. കഴിഞ്ഞ കൗണ്‍സിലില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു. ആകെ 52 അംഗങ്ങളുള്ള കൗണ്‍സിലില്‍ ബിജെപി 24, യുഡിഎഫ് 17, എല്‍ഡിഎഫ് 9, ലീഗ് റിബല്‍ ഒന്ന്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ വിജയം ആഘോഷിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടന്ന പാലക്കാട് നഗരസഭാ ഹാളിലെത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്‌സണേയും വൈസ്‌ചെയര്‍മാനേയും അദ്ദേഹം മധുരം നല്‍കി അനുമോദിച്ചു.ജില്ലയിലെ മറ്റ് നഗരസഭകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. ഷൊര്‍ണൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ഏഴ് വോട്ട് ലഭിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന ഇവിടെ ബിജെപിയാണ് പ്രധാന പ്രതിപക്ഷം. ചെര്‍പ്പുളശേരിയിലും മണ്ണാര്‍ക്കാടും രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി വിട്ടു നിന്നു. യഥാക്രമം രണ്ടും മൂന്നും അംഗങ്ങളാണ് ബിജെപിക്കുള്ളത്.

Top