കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.യുഡിഎഫ് നേതൃസമ്മേളനം ഇന്ന് കൊച്ചിയില്‍ മുന്നണിക്കുള്ളില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും തമ്മിലാണ് കെപിസിസി ആസ്ഥാനത്തു കൂടിക്കാഴ്ച നടത്തിയത്. അരുവിക്കരയിലുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വര്‍ഗീയ ശക്തികളെ വളരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിനുളളിലെ സീറ്റ് തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് ഒരിക്കലും വന്‍പാര്‍ട്ടി മേധാവിത്വം കാട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതക്കു വളക്കൂറുള്ള മണ്ണല്ല കേരളമെന്നും അങ്ങനെയുളള കേരളത്തില്‍ മോദിയുടേയും ബിജെപിയുടേയും അജണ്ട നടപ്പാകില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ മൂന്നാം മുന്നണിക്കു പ്രസക്തിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും പറഞ്ഞു.

അതിനിടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യുഡിഎഫ് സംസ്ഥാന നേതൃസമ്മേളനം ഇന്ന് രാവിലെ 10ന് എറണാകുളം ടൗണ്‍ഹാളില്‍ ചേരുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. യുഡിഎഫ് പ്രകടന പത്രിക പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കും. സമ്മേളനം മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. മുന്‍കൂട്ടി തയ്യാറാക്കിയ ഫോര്‍മുലയുമായി സമ്മേളനത്തിനെത്തുന്ന നേതാക്കളെ കാത്തിരിക്കുന്നത് സീറ്റ് വിഭജനമെന്ന കീറാമുട്ടിയാണ്. പുതിയതായി മുന്നണിയിലേക്ക് വന്ന കക്ഷികളെ പരിഗണിക്കുമ്പോള്‍ ചെറിയ കക്ഷികളെയായിരിക്കും അത് ബാധിക്കുക എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇത് മനസ്സിലാക്കി ജനതാദള്‍ അടക്കമുള്ള കക്ഷികള്‍ പ്രതികരണവുമായി രംഗത്ത് വന്നു കഴിഞ്ഞു. തങ്ങളുടെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ലീഗ് നേതൃത്വം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ചില ജില്ലകളില്‍ കോണ്‍ഗ്രസ്സിനെതിരെ കലാപക്കൊടി ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ തദ്ദേശ സ്വയംഭരണ തെരുഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടന്നുകഴിഞ്ഞതായി തങ്കച്ചന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ആര് നേതാവാകണമെന്ന് തെരഞ്ഞെടുക്കപ്പെട്ടു വരുന്നവരും ഡിസിസിയും ചേര്‍ന്ന് തീരുമാനിക്കും. വിമതര്‍ക്ക് സീറ്റ് നല്‍കില്ല. വി.ഡി സതീശന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കി മുന്നോട്ട് പോകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംസ്ഥാനമൊട്ടാകെ ജാതിമത സമുദായ പരിഗണനയും വിജയ സാധ്യതയുമായിരിക്കും പരിഗണിക്കുക.

Top