മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപിമാര്‍; പണം അനുവദിക്കുന്നില്ലെന്ന് പരാതി

ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിര്‍ശനവുമായി ബി.ജെ.പി എം.പിമാരും. ബിജെപി എംപിമാരായ രാജീവ് പ്രതാപ് റൂഡിയും ഹേമമാലിനിയുമാണ് വിമര്‍ശന സ്വരം സഭയിലുയര്‍ത്തിയത്. ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള എം.പിമാരായ ഇരുവരും തങ്ങളുടെ മണ്ഡലത്തില്‍ ടൂറിസം വികസനത്തിനാവശ്യമായ തുക അനുവദിക്കുന്നില്ല എന്ന വിമര്‍ശനമാണ് ഇവരുന്നയിച്ചത്.

ചോദ്യോത്തരവേളയിലാണ് റൂഡിയുടെ വിമര്‍ശനം. സോണ്‍പൂര്‍ കന്നുകാലി വിപണനമേളയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന തന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തള്ളിക്കളഞ്ഞതായി റൂഡി സഭയില്‍ തുറന്നടിച്ചു. ബിഹാര്‍ ഇക്കോ ടൂറിസം പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കോ ടൂറിസം പദ്ധതിക്കായി 500 കോടി രൂപ വീതം നല്‍കിയപ്പോള്‍ ബിഹാറിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന് റൂഡി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധുര വൃന്ദാവനില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് ഹേമമാലിനിയും പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കൃഷ്ണ സര്‍ക്യൂട്ടിന് കീഴില്‍ വരുന്ന പദ്ധതിയാണിത്.

രാജീവ് പ്രതാപ് റൂഡി ബിഹാറിലെ സരണില്‍ നിന്നും ഹേമമാലിനി യു.പിയിലെ മഥുരയില്‍ നിന്നുമുള്ള എം.പിമാരാണ്.റൂഡിയ്ക്കും ഹേമമാലിനിക്കും പ്രതിപക്ഷ ബഞ്ചുകളില്‍ നിന്ന് പിന്തുണ കിട്ടി. അവര്‍ ഡസ്‌കില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

അതേസമയം ഇത്തരം പദ്ധതി നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സഹിതം സമര്‍പ്പിക്കേണ്ടതാണ് എന്ന് ടൂറിസം മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ മറുപടി നല്‍കി. എന്നാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയവയിലും കാര്യമൊന്നുമുണ്ടായില്ലെന്ന് റൂഡി പറഞ്ഞു.

Top