ന്യൂഡൽഹി: ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ജ്യോതിരാദിത്യ സിന്ധ്യ അടക്കം 9 സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു.ജ്യോതിരാദിത്യ സിന്ധ്യയുടെ പാർട്ടി പ്രവേശനത്തിന് പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബിജെപി. നാല് തവണ ലോക്സഭാ എംപിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്ന് മിനിറ്റുകൾക്കുള്ളിലാണ് ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം.അസമിലെ രണ്ട് സീറ്റുകളിലൊന്നിൽ സ്ഥാനാർത്ഥി മുൻ കോൺഗ്രസ് നേതാവ് ഭുവനേശ്വർ കാലിതയാണ്. മഹാരാഷ്‌ട്രയിലെ രണ്ടു സീറ്റുകളിലൊന്നിൽ എൻ.ഡി.എ സംഖ്യകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ മത്സരിക്കും. അസാമിലെ രണ്ടാമത്തെ സീറ്റ് ഘടകകക്ഷിയായ ബി.പി.എഫിന് നൽകി.ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് അംഗത്വം നൽകിയ ബി.ജെ.പി മദ്ധ്യപ്രദേശിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിന്ധ്യയ്‌ക്ക് കേന്ദ്രമന്ത്രി സ്ഥാനവും വാഗ്‌ദാനം ചെയ്‌തതായി അറിയുന്നു.
ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും കണ്ട ശേഷം കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപിച്ച സിന്ധ്യയ്‌ക്ക് ഇന്നലെ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ സാന്നിദ്ധ്യത്തിൽ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അംഗത്വം നൽകിയത്.കോൺഗ്രസ് പാർട്ടി ആകെ മാറിയെന്നും കോൺഗ്രസിലെ നിഷേധാത്മക നിലപാടുകളും യുവാക്കളോടുള്ള അവഗണനയുമാണ് തന്റെ രാജിക്കു കാരണമായതെന്നും ബി. ജെ. പി അംഗത്വം സ്വീകരിച്ച ശേഷം സിന്ധ്യ പറഞ്ഞു. രാജ്യം മോദിയുടെ കരങ്ങളിൽ ഭദ്രമാണ്. ബി.ജെ.പിയിൽ അംഗത്വം നൽകിയതിലൂടെ തനിക്ക് രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിൽ പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും സിന്ധ്യ നന്ദി പറഞ്ഞു.
സിന്ധ്യയുടെ നേതൃപാടവത്തിൽ ബി.ജെ.പിക്ക് നല്ല ബോദ്ധ്യമുണ്ടെന്ന് ജെ.പി. നദ്ദ പറഞ്ഞു.ഉച്ചയ്‌ക്ക് 12.30ന് ആദ്യം തീരുമാനിച്ച അംഗത്വമെടുക്കൽ ചടങ്ങ് രാഹുകാലത്ത് പറ്റില്ലെന്ന് സിന്ധ്യ പറഞ്ഞതിനെ തുടർന്ന് നീട്ടിയിരുന്നു. ഇന്ന് ഭോപ്പാലിൽ എത്തുന്ന സിന്ധ്യ രാജിവച്ച എം.എൽ.എമാർക്കൊപ്പം ശക്തിപ്രകടനം നടത്തുമെന്നും അറിയുന്നു. അതേസമയം കോൺഗ്രസ് അവശേഷിക്കുന്ന 99 എം.എൽ.എമാരെ ജയ്‌പൂരിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഏതുസമയത്തും എന്റെ വീട്ടിൽ കയറിവരാൻ സ്വാതന്ത്ര്യമുള്ള കോൺഗ്രസിലെ ഏക വ്യക്തിയായിരുന്നു സിന്ധ്യ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ജ്യോതിരാദിത്യസിന്ധ്യ കാണാൻ ശ്രമിച്ചപ്പോൾ സോണിയാ ഗാന്ധിയും താനും അനുമതി നൽകിയില്ലെന്ന മാദ്ധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.2018ൽ മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റപ്പോൾ കമൽനാഥിനും സിന്ധ്യയ്‌ക്കും ഒപ്പമെടുത്ത ഫോട്ടോ രാഹുൽ ഇന്നലെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ലിയോ ടോൾസ്‌റ്റോയി പറഞ്ഞ ‘ക്ഷമയും സമയവുമാണ് ശക്തരായ പോരാളികളെന്ന’ അടിക്കുറിപ്പോടെയായിരുന്നു പോസ്‌റ്റ്.മദ്ധ്യപ്രദേശിൽ നിന്നുള്ള മുൻ ലോക്‌സഭാ എംപികൂടിയായ ജ്യോതിരാദിത്യയും രാഹുൽ ഗാന്ധിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്തുണ പ്രഖ്യാപിച്ച് സിന്ധ്യ എ.ഐ.സി.സി ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞിരുന്നു. സോണിയാഗാന്ധിയുമായും പ്രിയങ്കാഗാന്ധിയുമായും ഉറ്റ ബന്ധമായിരുന്നു സിന്ധ്യയ്‌ക്ക്.