ന്യുഡൽഹി :ആർ എസ് എസ് പിടി ബിജെപി യിൽ നിന്ന് അയഞ്ഞതോടുകൂടി പാർട്ടിയിൽ ഇപ്പോൾ ഒരു കുറുമുന്നണി രൂപപ്പെട്ടു . പഴയ എ ബി വി പി നേതാക്കളായ ധർമേന്ദ്ര പ്രധാൻ,ബി.എൽ . സന്തോഷ്, ദത്താത്രേയ,വി.സതീഷ്, വി.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കുറുമുന്നണിയാണ് ബിജെപി പിടിച്ചെടുക്കാൻ മുന്നിട്ടു ഇറങ്ങിയിട്ടുള്ളത് എന്നാണ് സൂചന. ധർമേന്ദ്ര പ്രധാനിനെ പ്രധാനമന്ത്രിയും, ബി.എൽ .സന്തോഷിനെ പാർട്ടി പ്രസിഡന്റും ആകാനാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോട് കൂടി 2014 മുതൽ ഈ അച്ചുതണ്ട് പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പിടി മുറുക്കി വരികയാണ്. R.S.S നിയോഗിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിമാർക്ക് വലിയ പ്രാധാന്യം ആണ് പാർട്ടിയിൽ ഉണ്ടായിരുന്നത്. പാർട്ടിയിലെ രണ്ടാമനെന്നു വേണമെങ്കിൽ പറയാം.
മധുര സ്വാദേശി ആയ റാം ലാൽ ആണ് ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി. എന്നാൽ അമിത്ഷാ പാർട്ടി അധ്യക്ഷൻ ആയതോടുകൂടി സംഘടനയിൽ റാം ലാലിന്റെ പ്രാധാന്യം കുറഞ്ഞു. പാർട്ടിയിലെ വിവിധ സ്ഥാനങ്ങളിലേക്കു നേതാക്കളെ നിശ്ചയിക്കുമ്പോൾ സംഘടന ജനറൽ സെക്രട്ടറി വഴി വരുന്ന ആർഎസ്സിന്റെ അഭിപ്രായം ആയിരുന്നു പാർട്ടി പ്രസിഡന്റ് മുഖവിലയ്ക്കു എടുക്കാറ്. എന്നാൽ ഈ സംവിധാനം പാടെ മാറിയിരിക്കുന്നു. അമിത്ഷാ കൂടുതലും വിവരങ്ങൾ ശേഖരിക്കുന്നതിന് സർവ്വേ ഏജൻസികളെയും ഡിക്ടറ്റീവ് ഏജൻസികളെയും ആശ്രയിക്കാൻ തുടങ്ങിയതോടു കൂടി പല വിഷയങ്ങളിലും ആർ എസ് എസ് ഇപ്പോൾ അഭിപ്രായം പ്രകടിപ്പിക്കാറില്ല. ഈ സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ കൂറ് മുന്നണി പാർട്ടി പിടിച്ചെടുക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
അതിനായി അവർക്ക് അമിത്ഷായുടെ മേലുള്ള സ്വാധീനം ഉപയോഗിക്കുന്നുണ്ട്. ഈ അച്ചുതണ്ടിന്റെ പ്രവർത്തനത്തിന്റെ ഫലമാണ് കേരളത്തിലും കർണാടകയിലും ബിജെപിയിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികൾ. ഡി ഐ എച്ച് ന്യുസിന് കിട്ടുന്ന അറിവ് പ്രകാരം ആറോളം സംസ്ഥാനങ്ങളിൽ ഈ കുറുമുന്നണിയുടെ പിന്തുണക്കാർ അധ്യക്ഷന്മാരായി കഴിഞ്ഞു. അടുത്തതായി കേരളത്തിൽ കെ.സുരേന്ദ്രനേയും കർണാടകത്തിൽ നളീൻ കാട്ടീൽ എം.പി യെയും പ്രസിഡന്റ്‌മാര് ആക്കാനാണ് നീക്കം. അങ്ങനെ 2019 ലെ ഇലക്ഷന്ശേഷം 2020-ൽ അമിത്ഷാ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോഴേക്കും ബി.എൽ.സന്തോഷിനു പാർട്ടി പ്രസിഡന്റ് ആകാമെന്നും അതുവഴി 2024ലെ ലോകസഭ ഇലക്ഷനിൽ നർമേന്ദ്ര പ്രധാനെ പാർട്ടിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥി ആയി അവതരിപ്പിക്കാൻ ആകുമെന്നും ഇവർ കണക്കു കൂട്ടുന്നു. മാത്രമല്ല 2019ലെ ഒറീസ നിയമസഭ തിരഞ്ഞെടുപ്പിൽ ധർമേന്ദ്ര പ്രധാനെ മുഖ്യമന്ത്രി ആക്കാമെന്നും ഈ വിഭാഗം കണക്കുകൂട്ടുണ്ട്.
അടുത്ത കാലത്തൊന്നും അമിത്ഷായെ പോലെ ശക്തനായ പ്രസിഡന്റ് ബിജെപിക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ മുഖത്തു നോക്കി അഭിപ്രായം പറയുന്ന പുതിയ നേതാക്കളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു. ശക്തരായ നേതാക്കൾ കേന്ദ്രമന്ത്രിമാരാണ് താനും.
പ്രസിഡന്റ് കഴിഞ്ഞാൽ പിന്നെ പാർട്ടിയിൽ ജനറൽ സെക്രട്ടറിമാർക്കാണ് അധികാരം കൂടുതലും. അവരിൽ മുരളീധര റാവും, കൈലാഷ് വിജയ് വർഗിയ, സരോജ് പാണ്ഡെ, റാം മാധവ് എന്നിവർ തങ്ങളെ ഏല്പിച്ചിരിക്കുന്ന കാര്യം കൃത്യമായി നിർവഹിക്കണം എന്ന് വിചാരിക്കുന്നവരും മറ്റു കാര്യങ്ങളിൽ തലയിടാത്തവരും ആണ്. മറ്റു ജനറൽ സെക്രട്ടറി മാരായ ഭൂപേന്ദ്ര യാദവ്, അരുൺ സിങ് തുടങ്ങിയവർ അമിത്ഷായുടെ അടുപ്പക്കാരും സുഹൃത്തുക്കളും ആയതുകൊണ്ട് അമിത്ഷായുടെ അല്ലാത്ത യാതൊരു അഭിപ്രായവും അവർക്കും ഇല്ല.
മാത്രവുമല്ല ഒരു സുപ്രഭാതത്തിൽ ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നതുകൊണ്ട് ഗുജറാത്തൊഴികെയുള്ള സംസ്ഥാന നേതാക്കളെയോ, ബിജെപി രാഷ്ട്രീയമോ അമിത്ഷാക്ക് അറിയില്ല.ഈ അവസരമാണ് ആർ എസ് എസ്സിൽനിന്നും വന്ന പുതിയ കുറുമുന്നണി നേതാക്കൾ മുതലാകുന്നത്. സാധാരണ ബി ജെ പി പ്രവർത്തകർക്ക് ആർ എസ് എസ് പ്രചാരകന്മാരിലുള്ള വിശ്വാസമാണ് ഇവർ ഉപയോഗപ്പെടുത്തുന്നത്. തങ്ങളെ ബന്ധപെടുന്നതും ബന്ധപെടാത്തതുമായ എല്ലാ പാർട്ടി വിഷയങ്ങളിലും കടന്നുകയറി തങ്ങളുടെ ആളുകളെ പാർട്ടിയുടെ വിവിധ സ്ഥാനങ്ങളിൽ കുടിയിരുത്താനാണ് അവർ ശ്രമിക്കുന്നത്. അതിൽ അവർ ഒരു പരിധിവരെ വിജയിക്കുണ്ട് താനും. അതിനവർ സോഷ്യൽ മീഡിയയെയും പത്ര മാധ്യമങ്ങളെയും ധാരാളമായി ഉപയോഗപ്പെടുത്തുണ്ട്.
ഉദാഹരണത്തിനു ഈയിടെ ഇന്ത്യൻ എക്സ്പ്രസ്സ്‌ൽ ബി.എൽ സന്തോഷിനെക്കുറിച്ചു ഒരു വലിയ തട്ടുപൊളിപ്പൻ വാർത്ത ഇട്ടിരുന്നു. അതുപ്രകാരം സൗത്ത് ഇന്ത്യയിൽ (കേരള ) നടക്കുന്ന എല്ലാ പാർട്ടി റാലികളും ബി. എൽ സന്തോഷിന്റെ നേതൃത്വത്തിൽ ആണ് നടക്കുന്നതെന്നും, അദ്ദേഹം നടത്തുന്നതുകൊണ്ടാണ് വിജയിക്കുന്നതെന്നു തോന്നിക്കുന്ന വിധത്തിൽ ആണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഈ അച്ചുതണ്ടിൽ പ്രൊമോട്ട് ചെയ്യപ്പെടേണ്ട നേതാക്കന്മാരുടെ വാർത്തകൾ ഇംഗ്ലീഷ് മാധ്യമങ്ങളിൽ അടക്കം പ്രൊമോട്ട് ചെയ്യപ്പെടുകയും ദേശീയ നേതാക്കൾക്ക് മുൻപിൽ തങ്ങൾക്കു പ്രൊമോട്ട് ചെയ്യപ്പെടേണ്ട നേതാക്കൾക്ക് ജനപിന്തുണ ഉണ്ടെന്നു വരുത്തി തീർക്കുകയുമാണ് ചെയ്യുന്നത്.
ഇവരുടെ നീക്കം പല സംസ്ഥാനങ്ങളിലുമുള്ള ബിജെപിയിലുള്ള ആർ എസ് എസ് ആധിപത്യത്തിന് അന്ത്യം കുറിച്ചുകഴിഞ്ഞു. പല പ്രബല പാർട്ടി ഗ്രൂപ്പുകളും ഛിന്നഭിന്നമായി. അയോഗ്യരായ പലരും പാർട്ടിയിലെ പ്രമുഖ സ്ഥാനങ്ങളിലേക്കും മുഖ്യമന്ത്രി സ്ഥാനത്തുവരെയും പ്രമോട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. കേരളത്തിൽ പോലും ആർ എസ് എസ്സിന് ബിജെപിയുടെ മേലെയുള്ള ആധിപത്യം ഈ ഗ്രൂപ്പ് തകർത്തുകഴിഞ്ഞിരിക്കുന്നു. 2019 ലെ ഇലക്ഷനിൽ ബിജെപി സീറ്റ് കുറയുകയോ മറ്റോ ചെയ്‌താൽ ഈ അച്ചുതണ്ട് കൂടുതൽ ശക്തമാകുകയും 2020 ഇൽ തന്നെ ബിജെപി പിടിച്ചടക്കുകയും ചെയ്യും.ഏതായാലും അഭിനവ രാഷ്ട്രീയ ചാണക്യനായ ബി എൽ സന്തോഷ് ബിജെപിയുടെ തലരേഖ മാറ്റിവരക്കാനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്ന തിരക്കിൽ അമിത്ഷാക്ക് ഇതൊന്നും മനസ്സിലാവുന്നില്ലതാനും.