കൊച്ചി: യുപിഎ സര്‍ക്കാര്‍ വന്‍നേട്ടമായി ഉയര്‍ത്തിക്കാട്ടിയ സച്ചാര്‍, രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹ്‌ലോട്ട്. ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയതെന്നും മന്ത്രി ആരോപിച്ചു.
കൊച്ചിയില്‍ നടന്ന ഹിന്ദുനേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പട്ടികജാതിക്കാരുടെ സംവരണാനുകൂല്യങ്ങള്‍ നഷ്ടമാകും. അതുകൊണ്ട് ഈ രണ്ട് റിപ്പോര്‍ട്ടുകളും നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ കൂട്ടായ്മയെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് ഉയരേണ്ടത്. അതിനായി കേരളത്തില്‍ ഒരു മുന്നേറ്റം ഉണ്ടാകണം. ഇല്ലാത്തവര്‍ കൂടുതല്‍ ഇല്ലാത്തവരായും ഉള്ളവര്‍ കൂടുതല്‍ ഉള്ളവരുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്കും വെള്ളത്തിനും തൊഴിലിനുംവേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്, ഈ അവസ്ഥക്ക് മാറ്റംവരണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. റിച്ചാര്‍ഡ് ഹെ എംപി, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, വിഎച്ച്പി ദേശീയ ഉപാദ്ധ്യക്ഷന്‍ കെ.വി. മദനന്‍, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠന്‍ മാസ്റ്റര്‍, മലയാള ബ്രഹ്മണ സഭ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.അനില്‍കുമാര്‍, യോഗക്ഷേമസഭ നേതാവ് മധു അരീക്കര, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ നേതാവ് കെ.വാസുദേവന്‍, ഹിന്ദുഐക്യവേദി രക്ഷാധികാരി എം.കെ.കുഞ്ഞോല്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, വീര ശൈവസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശിവന്‍, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ നേതാവ് പി.കെ.ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.