ബിജെപിയുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം മോദി സർക്കാരിൻ്റെ ഏറ്റവും വലിയ വിമർശകരാണ് ശിവസേന. എന്നാൽ ശിവസേനയിലെ പ്രമുഖ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങൾ മറ്റു നേതാക്കന്മാർക്ക് പിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശിവസേന എംഎൽഎമാർ അസംതൃപ്തരാണെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ശിവസേനയിലെ 35 എംഎല്‍എമാരാണ് പാർട്ടിയുടെ സമീപകാല പ്രവർത്തനത്തിൽ അസംതൃപ്തരായിട്ടുള്ളതെന്നാണ് നാരായൺ റാണെ പറയുന്നത്. അതിനാൽ തന്നെ മഹാരാഷ്ട്രയില്‍ ബിജെപി തിരികെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കൂടെക്കൂട്ടാനാണ് ബിജെപി പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ബിജെപിയ്ക്ക് 105 എംഎല്‍എമാരുണ്ട്. ശിവസേനയ്ക്ക് വെറും 56 പേര്‍ മാത്രമേയുളളൂ. അവരില്‍ 35 പേര്‍ അസംതൃപ്തരാണ്. കര്‍ഷകര്‍ക്ക് വായ്പയില്‍ ഇളവുനല്‍കുമെന്ന ശിവസേന സര്‍ക്കാരിന്റെ വാഗ്ദാനം പൊള്ളയാണെന്നും അത് എന്നുമുതല്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും റാണെ പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു സര്‍ക്കാരില്‍നിന്ന് എന്തു പ്രതീക്ഷിക്കാനാണ്? എങ്ങനെയാണ് ഭരിക്കേണ്ടത് എന്നുപോലും അവര്‍ക്കറിയില്ല. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തന്നെ അഞ്ചാഴ്ചകളാണ് അവര്‍ എടുത്തത്. അതില്‍നിന്നുതന്നെ അവരെങ്ങനെ മുന്നോട്ടുപോകുമെന്ന് ഒരാള്‍ക്ക് ഊഹിക്കാന്‍ സാധിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയും നവനിര്‍മാണ്‍ സേനയും സഖ്യത്തിലാകുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച റാണെ ഇക്കാര്യം ബിജെപി നേതൃത്വം സംസാരിക്കുമെന്നും വ്യക്തമാക്കി.