ശബരിമല പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. നിരോധനാജ്ഞ ലംഘിക്കുന്നതിനായി കൂടുതല്‍ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും അണിനിരത്താനാണ് നീക്കം. ഇതിനായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയാണ് ശബരിമലയിലേക്ക് കൊണ്ടുവരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും ബിജെപിയുടെ ഉന്നത നേതാക്കളും മലകയറും.
തടയാന്‍ ധൈര്യം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തടയട്ടെ. ദേശീയ പാര്‍ട്ടിയായ ബിജെപിയോട് പോരാടാന്‍ സിപിഎമ്മിന് ശേഷിയില്ലെന്ന് ഓര്‍ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള വ്യക്തമാക്കി. നേതാക്കളുടെ അറസ്റ്റ് തങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍. ഇതിനായി ശബരിമലയിലേക്ക് പോയി അറസ്റ്റ് വരിക്കേണ്ട നേതാക്കളുടെ പട്ടികയും നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് അടുത്ത ദിവസം ബിജെപി സംസ്ഥാന നേതാവ് എഎന്‍ രാധാകൃഷ്ണന് ശബരിമലയിലേക്ക് പോകുമെന്നാണ് സൂചന. നേരത്തെ ശബരിമലയില്‍ പോകാനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെയും, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സര്‍ക്കാര്‍ സമ്മതിച്ചാല്‍ ശബരിമലയിലും പമ്പയിലും എല്ലാവിധ അടിസ്ഥാന സൗകര്യവും ബിജെപിയുടെ വോളണ്ടിയര്‍മാര്‍ നല്‍കും. നിലവിലുള്ള സാഹചര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ചു നിയമപരമായ നടപടികളിലേക്കു നീങ്ങും. ഡിജിപി വരത്തനാണ്. ഇവിടെത്തെ ആചാരങ്ങള്‍ അറിയില്ല. അതുകൊണ്ടാണ് ഇതുവരെ പൊലീസിനെ സ്വാമിയെന്നു വിളിച്ചുകൊണ്ടിരുന്നത് ഇനിമുതല്‍ വേണ്ടെന്ന് പറഞ്ഞതെന്നും ശ്രീധരന് പിള്ള പറഞ്ഞു. പത്തനംതിട്ടയില്‍ സായാഹ്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.