ഗോവ നിലനിര്‍ത്താന്‍ പതിനെട്ടടവും പുറത്തെടുത്ത് ബിജെപി. ‘പള്‍സ്’ നോക്കി കളിക്കുകയാണ് കോണ്‍ഗ്രസും
ആംആദ്മിയും. ബിജെപിക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. പ്രധാനമായും ഗോവയിലെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ബിജെപി സര്‍ക്കാരിനെ ശക്തമായി ബാധിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം അതിശക്തമാണ്. ഇതിന് കാരണം ഖനന വിഷയമാണ്.
കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അതിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. ദുര്‍ബലമായി കിടന്നിരുന്ന കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നതും ഇതേ വിഷയമാണ്. എന്നാല്‍ കടുത്ത തൊഴിലില്ലായ്മ ഇതിനിടയിലുണ്ട്. അത് ആര് പരിഹരിക്കുമെന്നാണ് ഗോവയിലെ യുവാക്കള്‍ ചോദിക്കുന്നത്.
ഖനനം എന്നത് ഗോവയിലെ പ്രചാരണത്തിലെ വൈകാരിക വിഷയമായി മാറിയിരിക്കുകാണ്. ഫെബ്രുവരി പതിനാലിന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏറ്റവും വലിയ പ്രശ്നവും ഖനനമാണ്. ഇരുമ്പയിരം ഖനനം വീണ്ടും ആരംഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എഎപിയുടെയും പ്രഖ്യാപനം.
ഏകദേശം ഒരുലക്ഷത്തോളം ആളുകള്‍ ഈ ഖനനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഗോവയിലെ ഏറ്റവും തീവ്രമായ പ്രാദേശിക വിഷയമാണിത്. 2012ലാണ് ഇവിടെ ഖനനം നിരോധിക്കപ്പെട്ടത്. പലരുടെയും ഉപജീവനമാര്‍ഗമാണ് ഇതോടെ അവസാനിച്ചത്. കുടുംബങ്ങള്‍ പലതും പട്ടിണിയിലായി. ബിജെപി സര്‍ക്കാരിന് ഇത് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കാത്തത് വലിയ വെല്ലുവിളിയായി തീര്‍ന്നു.
മനോഹര്‍ പരീക്കറിന്റെ കാലത്താണ് അനധികൃത ഖനനം എന്ന വാദം ഏറ്റവും കൂടുതല്‍ ശക്തമായത്. ബിജെപിയാണ് ഇത് ഉയര്‍ത്തി കൊണ്ടുവന്നതും. അതുകൊണ്ട് തന്നെ ഖനനം ആരംഭിക്കുമെന്ന ബിജെപിയുടെ വാദം ജനങ്ങള്‍ കാര്യമായി എടുക്കുന്നില്ല.
ഇത്രയും കാലം ബിജെപിയാണ് തങ്ങളെ ദ്രോഹിച്ചതെന്ന നിലപാടിലാണ് ഗോവയിലെ വോട്ടര്‍മാര്‍. 2018ലാണ് സുപ്രീം കോടതി വേദാന്ത ലിമിറ്റഡിന്റെ ഖനനാനുമതി റദ്ദാക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളും മൈനിംഗ് കമ്പനികള്‍ നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ പാരിസ്ഥിതിക അനുമതിയും ഖനനാനുമതിയും ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം അരവിന്ദ് കെജ്രിവാളാണ് ഈ വിഷയം ശക്തമായി ഉയര്‍ത്തിയത്. എഎപിക്ക് അധികാരം കിട്ടിയാല്‍ ആറ് മാസത്തിനുള്ളില്‍ ഖനനം വീണ്ടും ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഖനന മേഖലയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് ഖനനം ആരംഭിക്കുന്നത് വരെ അയ്യായിരം രൂപ ലഭിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.
ഇത് പിന്നീട് കോണ്‍ഗ്രസും ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ മറുപടി പറയുകയല്ലാതെ മറ്റ് മാര്‍ഗമില്ലാത്ത അവസ്ഥയിലായിരുന്നു ബിജെപി. പുതിയ ഖനന നയം കൊണ്ടുവരുമെന്ന് അടക്കം ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ ഖനനം ആരംഭിച്ച്, മൈനിംഗ് കോര്‍പ്പറേഷന്‍ തന്നെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് നേരത്തെ പറഞ്ഞതാണ്.
മൈനിംഗ് കോര്‍പ്പറേഷന്‍ അടക്കം കൊണ്ടുവരുന്നതിനോട് സുപ്രീം കോടതിക്ക് എതിര്‍പ്പില്ല. അതേസമയം മുഖ്യമന്ത്രിയുടെ മണ്ഡലമായ സാന്‍ക്വെലിം പോലും ഖനനം നിരോധിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. ഇപ്പോള്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഈ പ്രശ്നം പരിഹരിക്കരിക്കുന്നവര്‍ക്ക് ഗോവ പിടിക്കാം